കാലത്തിന്റെ ആവശ്യം: സഹകരിക്കാമെന്ന കാന്തപുരത്തിന്റെ ആഹ്വാനത്തെ പിന്തുണച്ച് മുസ്ലിം ലീഗ്‌

0
330

മലപ്പുറം: മുസ്ലിം ലീഗുമായി ഒന്നിച്ചുപോകാന്‍ ആഗ്രഹമുണ്ടെന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ അഭിപ്രായത്തോട് പ്രതികരിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. കാന്തപുരത്തിന്റെ ഐക്യ പ്രസ്താവന കാലത്തിന്റെ ആവശ്യമാണ്. ന്യൂനപക്ഷങ്ങള്‍ ഒരുമിച്ച് നില്‍ക്കണം. മുസ്ലിം ലീഗുമായി സഹകരിക്കാനുള്ള നല്ല മനസ്സിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് എന്നും ന്യൂനപക്ഷസംഘടനകളുടെ പൊതുപ്ലാറ്റ്‌ഫോമാണ്. സൗഹൃദ സംഭാഷണം മാത്രമാണ് ഇതുവരെ കാന്തപുരം വിഭാഗവുമായി ഉണ്ടായിട്ടുള്ളത്. ഔദ്യോഗിക ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. ന്യൂനപക്ഷം ഭീതിതമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ആ സാഹചര്യത്തില്‍ ആയിരിക്കാം കാന്തപുരത്തിന്റെ നിര്‍ദ്ദേശമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

മുസ്ലിം ലീഗുമായി ഒന്നിച്ചുപോകുന്നതാണ് നല്ലതെന്ന് എപ്പോഴും തങ്ങളുടെ സംഘടന പറഞ്ഞുകൊണ്ടിരിക്കുന്നതാണെന്ന് കഴിഞ്ഞദിവസം സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞിരുന്നു. മുസ്ലിങ്ങളും സംഘടനകളും രാഷ്ട്രീയക്കാരും അല്ലാത്തവരും ഒന്നിച്ചു മുന്നോട്ടുപോയാലേ രാജ്യത്തിന് പുരോഗതിയുണ്ടാവുകയുള്ളൂ. അത് ചിന്തിക്കാത്ത ചില ആളുകള്‍ ഇപ്പോഴും ബാക്കിയുണ്ടെന്നാണ് തനിക്ക് തോന്നുന്നത്. അതില്ലാതാകണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും കാന്തപുരം വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here