ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പര കളിക്കാനൊരുങ്ങി ഇന്ത്യ

0
126

മുംബൈ: ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യ, ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പര കളിക്കും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാവും ഇന്ത്യയും ഓസ്ട്രേലിയയും കളിക്കുക.

അടുത്തമാസം ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകള്‍ക്ക് ശേഷം ഇന്ത്യന്‍ ടീം ടി20 പരമ്പരക്കായി അയര്‍ലന്‍ഡിലേക്ക് പോകും. അതിനുശേഷമാണ് ഏഷ്യാ കപ്പില്‍ കളിക്കുക. ഓഗസ്റ്റ് 31ന് ആരംഭിക്കുന്ന ഏഷ്യാ കപ്പ് സെപ്റ്റംബര്‍ ഒമ്പതിന് അവസാനിക്കും. ഇതിനുശേഷമാകും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യ കളിക്കുക. ഓഗസ്റ്റ് അവസാന വാരം ലോകകപ്പ് ടീം ഐസിസിക്ക് സമര്‍പ്പിക്കേണ്ടതിനാല്‍ ലോകപ്പ് ടീമിലുള്ള താരങ്ങള്‍ തന്നെയാവും ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും കളിക്കുക.

ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ പിച്ചുകളില്‍ കളിച്ച് മത്സരപരിചയം ഉറപ്പുവരുത്താന്‍ ഓസ്ട്രേലിയക്കും കഴിയും. ഒക്ടോബര് അഞ്ചിന് ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരവും ഓസ്ട്രേലിയക്കെതിരെ ആണ്. ഒക്ടോബര്‍ എട്ടിന് ചെന്നൈയിലാണ് ഇന്ത്യ-ഓസ്ട്രേലിയ മത്സരം. ഈ വര്‍ഷം പെബ്രുവരി-മാര്‍ച്ചില്‍ ഇന്ത്യയും ഓസ്ട്രേലിയയും മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ കളിച്ചിരുന്നു. അന്ന് 2-1ന് ഓസ്ട്രേലിയ പരമ്പര നേടി. ഓസ്ട്രേലിയന്‍ താരങ്ങളെല്ലാം ഐപിഎല്ലിലും കളിക്കുന്നവരാണ് എന്നതിനാല്‍ ഇന്ത്യന്‍ പിച്ചുകള്‍ സുപരിചിതമാണ്.

ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീം അയര്‍ലന്‍ഡിനെതിരെ മൂന്ന് മത്സര ടി20 പരമ്പര കളിക്കുന്നുണ്ട്. എന്നാല്‍ ഈ പരമ്പരയില്‍ സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവര്‍ കളിക്കാനിടയില്ല. ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങള്‍ക്കായിരിക്കും ഈ പരമ്പരയില്‍ ടീമിലിടം ലഭിക്കുക. പേസര്‍ ജസ്പ്രീത് ബുമ്രയുടെ മടങ്ങിവരവും അയര്‍ലന്‍ഡ് പര്യടനത്തിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here