കറാച്ചി: ഇന്ത്യ വേദിയാവുന്ന ലോകകപ്പിൽ പങ്കെടുക്കാമെന്ന് സമ്മതിച്ച പാകിസ്താൻ ക്രിക്കറ്റ് ബോർഡ്, തങ്ങളുടെ മത്സരങ്ങൾ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടത്തരുതെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണിത്. ഫൈനൽപോലുള്ള നോക്കൗട്ട് മത്സരങ്ങൾക്കല്ലാതെ പാക് താരങ്ങളെ അഹ്മദാബാദിൽ കളിപ്പിക്കരുതെന്ന് പി.സി.ബി അധ്യക്ഷൻ നജാം സേതി ഐ.സി.സി ചെയർമാൻ ഗ്രെഗ് ബാർക്ലേയോട് വ്യക്തമാക്കി. ഒക്ടോബറിൽ ആരംഭിക്കുന്ന ലോകകപ്പിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്ക് പറക്കുന്നതിന് പാക് സർക്കാറിന്റെ അനുമതി ലഭിച്ചാൽ കൊൽക്കത്ത, ചെന്നൈ, ബംഗളൂരു എന്നീ വേദികളാണ് അവർ ആഗ്രഹിക്കുന്നത്.
ഏഷ്യ കപ്പിന് പാകിസ്താനിൽ പോവില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതോടെ ഏഷ്യ കപ്പ് അവിടെനിന്ന് മാറ്റി. പ്രതിഷേധമെന്നോണം ഇന്ത്യയിൽ ലോകകപ്പ് കളിക്കില്ലെന്ന് പാകിസ്താനും അറിയിച്ചിരുന്നു. ഹൈബ്രിഡ് മോഡലിൽ നടത്താമെന്ന നിർദേശവും പി.സി.ബി മുന്നോട്ടുവെച്ചു. ഇതുപ്രകാരം ഏഷ്യ കപ്പിന്റെ മുഖ്യവേദിയായി പാകിസ്താനെ നിലനിർത്തി ഇന്ത്യയുടെ മത്സരങ്ങൾമാത്രം നിഷ്പക്ഷ വേദിയിൽ നടത്താമെന്നായിരുന്നു നിർദേശം. എന്നാൽ, ഹൈബ്രിഡ് മോഡൽ ഐ.സി.സി അംഗീകരിച്ചിട്ടില്ല. ലോകകപ്പിൽ പാകിസ്താന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് ചെയർമാൻ ഗ്രെഗ് ബാർക്ലേയടക്കം ഐ.സി.സി പ്രതിനിധികൾ ഇയ്യിടെ കറാച്ചിയിലെത്തി പി.സി.ബി നേതൃത്വത്തെ കണ്ടിരുന്നു.