മനുഷ്യന്റെ ഏറ്റവും വലിയ വികാരങ്ങളിലൊന്നാണ് വിശപ്പ്. വിശപ്പകറ്റാനായാണല്ലോ പ്രധാനമായും മനുഷ്യന്‍ തൊഴിലെടുക്കുന്നതു പോലും.ബാക്കിയെല്ലാം അതിന്റെ അനുബന്ധമാണെന്ന് പറയാം. ഭക്ഷണം കഴിച്ചാല്‍ മാത്രമേ വിശപ്പ് മാറ്റാനാവൂ എന്നാണോ. അതല്ല, വിശന്നിരിക്കുന്ന ഒരാള്‍ക്ക് ഭക്ഷണത്തിന്റെ ചിത്രം നോക്കിയിരുന്നാല്‍ വിശപ്പ് മാറുമോ. പഠനങ്ങള്‍ പറയുന്നതിതാണ്.
ഭക്ഷണത്തിന്റെ ചിത്രങ്ങളില്‍ നോക്കിയാലും വിശപ്പ് ശമിപ്പിക്കാന്‍ കഴിയും എന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകര്‍. ഡെന്‍മാര്‍ക്കിലെ ആര്‍ഹസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത്തരത്തില്‍ ഒരു പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഇതിന് ഒരു നിബന്ധനയുണ്ട്. ഇഷ്ട ഭക്ഷണത്തിലേക്ക് ഒരു തവണ നോക്കിയാല്‍ പോരാ. നോക്കിക്കൊണ്ടേയിരിക്കണം. അതായത് ഒരു 30 തവണ എങ്കിലും നോക്കണം എന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നുവച്ചാല്‍ ഇനി വിശപ്പ് തോന്നിയാല്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവം ഏതാണോ ആ വിഭവത്തിന്റെ ചിത്രം എടുത്ത് കുറച്ച് അധികം സമയം അങ്ങനെ നോക്കിയിരുന്നാല്‍ മതിയെന്ന് സാരം.
ആദ്യം ഒരു ബിരിയാണിയുടെ ചിത്രം കാണുമ്പോള്‍ അത് നിങ്ങളുടെ വിശപ്പ് ഉണര്‍ത്തിയേക്കാം. എന്നാല്‍ അതില്‍ തന്നെ നോക്കിയിരുന്നാല്‍ വിശപ്പ് കുറഞ്ഞുവരും. ഇതാണ് ഗവേഷകര്‍ പറയുന്നത്.
വിശദമായ പഠനമാണ് ഗവേഷകര്‍ ഇക്കാര്യത്തില്‍ നടത്തിയത്. ആയിരത്തിലധികം ആളുകളെ പങ്കാളികളാക്കിയാണ് ഗവേഷണം നടന്നത്. ഇവര്‍ക്ക് വ്യത്യസ്ത ഭക്ഷണപദാര്‍ഥങ്ങളുടെ ചിത്രങ്ങള്‍ നോക്കാന്‍ നല്‍കിക്കൊണ്ടായിരുന്നു പഠനം. ചിത്രങ്ങളില്‍ കൂടുതല്‍ തവണ ആവര്‍ത്തിച്ചു നോക്കിയവര്‍ക്ക് ഭക്ഷണത്തോടുള്ള ആര്‍ത്തി കുറഞ്ഞു കഴിച്ച സംതൃപ്തി ലഭിച്ചു എന്നാണ് പഠനത്തില്‍ പറയുന്നത്. പിസ, ബര്‍ഗര്‍ മുതലായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുടങ്ങി ചോക്ലേറ്റുകളുടെയും ചെറിയ മിഠായികളുടെയും ശീതള പാനീയങ്ങളുടെയും പോലും കാര്യത്തില്‍ ഇത് സത്യമാണ് എന്നും പഠനം പറയുന്നു.
ഗവേഷണത്തില്‍ പങ്കാളിയായ ആര്‍ഹസ് സര്‍വകലാശാലയിലെ ഫുഡ് സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥി ജാര്‍ക്ക് ആന്‍ഡേഴ്‌സ് ഇത്തരത്തില്‍ ഒരു സംതൃപ്തി ലഭിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനമാണ്. ഭക്ഷണം കഴിക്കുമ്പോള്‍ ഉത്തേജിക്കപ്പെടുന്ന തലച്ചോറിന്റെ ഭാഗങ്ങള്‍ ഭക്ഷണപദാര്‍ത്ഥങ്ങളുടെ ചിത്രങ്ങളിലേക്ക് ആവര്‍ത്തിച്ചു നോക്കുമ്പോഴും ഉത്തേജിപ്പിക്കപ്പെടും എന്നാണ് ജാര്‍ക്ക് ആന്‍ഡേഴ്‌സ് പറയുന്നത്.