ഇസ്ലാമിക രാജ്യത്ത് ജീവിക്കാന്‍ ഞാനിഷ്ടപ്പെടുന്നു! സൗദിയില്‍ എത്താനുണ്ടായ കാരണത്തെ കുറിച്ച് കരീം ബെന്‍സേമ

0
200

റിയാദ്: അടുത്തിടെയാണ് ഫ്രഞ്ച് വെറ്ററന്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സേമ സൗദി ക്ലബ് അല്‍ ഇത്തിഹാദുമായി കരാറൊപ്പിട്ടിരുന്നു. മുന്‍ റയല്‍ മാഡ്രിഡ് താരമായ ബെന്‍സേമ മൂന്ന് വര്‍ഷത്തെ കരാറിലാണ് ഒപ്പുവച്ചത്. അഞ്ച് തവണ ചാംപ്യന്‍സ് ലീഗ് നേടിയിട്ടുള്ള ബെന്‍സേമ നിലവില്‍ ബാലന്‍ ഡി ഓര്‍ ജേതാവ് കൂടിയാണ്. ഏതാണ്ട്് 200 ദശലക്ഷം യൂറോയാണ് ബെന്‍സേമയ്ക്ക് ലഭിക്കുക.

നിലവില്‍ ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ താരമാണ് ബെന്‍സേമ. ഇപ്പോള്‍ സൗദിയിലേക്ക് വരാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് ബെന്‍സേമ. അല്‍ ഇത്തിഹാദിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബെന്‍സേമയുടെ വാക്കുകള്‍… ”സൗദിയിലെ ഏറ്റവും മികച്ച ക്ലബുകളിലൊന്നാണിത്. ഏറ്റവും കൂടുതല്‍ ട്രോഫികളുള്ളതും വലിയ ആരാധകവൃന്ദവുമുള്ള ക്ലബ്. ഇവിടെ എനിക്കും കിരീടങ്ങള്‍ നേടാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം പുതിയൊരു അധ്യായമാണിത്. ഫുട്‌ബോള്‍ എനിക്ക് ജീവനാണ്. എന്റെ പരിധിക്കപ്പുറം മികവ് ഉയര്‍ത്താനാണ് ശ്രമിച്ചിട്ടുള്ളത്.” ബെന്‍സേമ പറഞ്ഞു.

എന്തുകൊണ്ട് സൗദിയെന്ന ചോദ്യത്തിനും ബെന്‍സേമ ഉത്തരം നല്‍കി. ”ഞാനൊരു മുസ്ലിമാണ്, സൗദി ഒരു ഇസ്ലാമിക രാഷ്ട്രമാണ്. ഇവിടെ ജീവിക്കാന്‍ ഞാനിഷ്ടപ്പെടുന്നു. എനിക്ക് പ്രിയപ്പെട്ട രാജ്യമാണിത്. ഞാന്‍ സൗദി ക്ലബില്‍ കളിക്കുന്ന കാര്യം കുടുംബവുമായി ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ക്കും ഏറെ സന്തോഷം.” ബെന്‍സേമ പറഞ്ഞു.

നീണ്ട 14 വര്‍ഷത്തെ ഐതിഹാസികമായ റയല്‍ മാഡ്രിഡ് കരിയറിന് വിരാമമിട്ടാണ് കരീം ബെന്‍സേമ അല്‍ ഇത്തിഹാദിലേക്ക് ചേക്കേറിയിരിക്കുന്നത്. ഹോം ടൗണ്‍ ക്ലബായ ലിയോണില്‍ നിന്ന് 2009ലായിരുന്നു റയല്‍ മാഡ്രിഡിലേക്ക് കരീം ബെന്‍സേമയുടെ വരവ്. സ്പാനിഷ് ക്ലബില്‍ ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു. റയല്‍ കുപ്പായത്തില്‍ 657 മത്സരങ്ങളില്‍ 353 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നില്‍ ക്ലബിന്റെ രണ്ടാമത്തെ ഉയര്‍ന്ന ഗോള്‍വേട്ടക്കാരനായി.

LEAVE A REPLY

Please enter your comment!
Please enter your name here