മീററ്റ്: രാമജന്മഭൂമി-ബാബറി മസ്ജിദ് കേസില്‍ വിധി പുറപ്പെടുവിക്കാതിരിക്കാന്‍ തനിക്ക് സമര്‍ദമുണ്ടായിരുന്നതായി മുന്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി സുധീര്‍ അഗര്‍വാള്‍. അന്ന് വിധി പുറപ്പെടുവിച്ചിരുന്നില്ലെങ്കില്‍ അടുത്ത 200 വര്‍ഷത്തേക്ക് കേസുമായി ബന്ധപ്പെട്ട ഒരു വിധിയും വരുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
2010ലെ രാമജന്മഭൂമി-ബാബറി മസ്ജിദ് കേസില്‍ വിധി പറഞ്ഞ ബെഞ്ചിന്റെ ഭാഗമായിരുന്ന സുധീര്‍ 2020 ഏപ്രില്‍ 23നാണ് അദ്ദേഹം വിരമിച്ചത്.
വിധി പറഞ്ഞതിന് ശേഷം എനിക്ക് വളരെ സമാധാനം തോന്നി. കേസിന്റെ വിധി മാറ്റിവെക്കാന്‍ എനിക്ക് മേല്‍ സമര്‍ദമുണ്ടായിരുന്നു. അകത്ത് നിന്നും പുറത്ത് നിന്നും സമര്‍ദമുണ്ടായിരുന്നു. എങ്ങനെയെങ്കിലും വിധി നീണ്ടിവെക്കാന്‍ വീട്ടുകാരും ബന്ധുക്കളും വരെ നിര്‍ദേശിക്കുമായിരുന്നു മീററ്റിലെ പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
2010 സെപ്റ്റംബര്‍ 30ന് രാമജന്മഭൂമി-ബാബറിമസ്ജിദ് കേസില്‍ അന്ന് വിധി പറഞ്ഞില്ലായിരുന്നെങ്കില്‍, ഇതില്‍ അടുത്ത 200 വര്‍ഷത്തേക്ക് വിധി വരില്ലായിരുന്നു അദ്ദേഹം പറഞ്ഞു.
2010 സെപ്റ്റംബറില്‍ രാമജന്മഭൂമി-ബാബറി മസ്ജിദ് കേസില്‍ അലഹബാദ് കോടതി വിധി പ്രഖ്യാപിച്ചിരുന്നു. 2:1 എന്ന രീതിയിലായിരുന്നു മൂന്നംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. അയോധ്യയില്‍ സ്ഥിതി ചെയ്യുന്ന 2.77 ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡ്,നിര്‍മോഹി അഖാഡ, രാംലല്ല എന്നീ മൂന്ന് വിഭാഗങ്ങള്‍ക്കുമായി വിഭജിച്ച് നല്‍കാനായിരുന്നു വിധി. ജസ്റ്റിസ് എസ്.യു. ഖാന്‍, സുധീര്‍ അഗര്‍വാള്‍, ഡി.വി ശര്‍മ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.