സംസ്ഥാനത്ത് സാധാരണക്കാരന്റെ വയറ്റത്തടിച്ച് വിലക്കയറ്റം. ചിക്കനു പിറകെ പച്ചക്കറിയുടേയും മീനിന്റേയുമെല്ലാം വില കുതിച്ച് കയറുകയാണ്. നിത്യപയോഗ സാധനങ്ങളിൽപ്പെടുന്ന പല പച്ചക്കറികളുടേയും വില ഇതിനോടകം നൂറുകടന്നിരിക്കുകയാണ്. ഇതര സംസ്ഥാനങ്ങളിലെ കാലാവസ്ഥാ മാറ്റമാണ് പച്ചക്കറി വില കൂടാൻ കാരണം എന്നാണ് വിലയിരുത്തൽ.
വെളുത്തുള്ളി, ക്യാരറ്റ്, മുരിങ്ങക്കായ, ബീൻസ് എന്നിവയുടെ വില നൂറ് രൂപ കടന്നു. കഴിഞ്ഞ മാസം 50 രൂപയായിരുന്ന മുരിങ്ങക്കായക്ക് വില 100 രൂപയായി. ബീൻസിന് 65 രൂപയിൽ നിന്നും ക്യാരറ്റ് 70 രൂപയിൽ നിന്നും 100 രൂപയായി. തക്കാളി വില 30 രൂപയിൽ നിന്ന് 60 രൂപയായി. പച്ച മുളകിന് 90 രൂപ കൊടുക്കണം.
ഉള്ളിയ്ക്കും വില ഇരട്ടിയായി. 80 രൂപയാണ് നിലവില്‍ കിലോയ്ക്ക് ഉള്ളി വില. വെളുത്തുള്ളിയാകട്ടെ 130 ൽ എത്തിനിൽക്കുന്നു. ഇഞ്ചി വില കിലോ 180 ലാണ്. വെണ്ടയ്ക്ക ഇരട്ടിയിലേറെ വില കൂടി, 45 രൂപ. ക്വാളി ഫ്ലവറിറ് ഇരട്ടി വിലയാണ്, 60 രൂപ. 20 ൽ തന്നെ നിൽക്കുന്ന സവാള വിലയാണ് ഏക ആശ്വാസം.
ട്രോളിംഗ് നിരോധിച്ചതോടെ മീൻ വിലയും ഇരട്ടിയായി. ധാന്യങ്ങൾക്കും 10 മുതൽ 20 രൂപ വരെ കൂടി. സീസൺ അവസാനിച്ചതോടെ പഴങ്ങൾക്കും വിലകൂടിയിട്ടുണ്ട്. ബ്രോയിലർ കോഴിയുടെ കൃത്രിമ വിലക്കയറ്റത്തിൽ പ്രതിഷേധം വരെ ഉയർന്നുകഴിഞ്ഞിരിക്കുന്നു.