കുബണൂരില്‍ ചൂതാട്ട കേന്ദ്രം; മദ്യ വില്‍പനയും കോഴിയങ്കവും വ്യാപകം, പൊറുതിമുട്ടി നാട്ടുകാര്‍

0
249

ബന്തിയോട്: കുബണൂരില്‍ വന്‍ ചൂതാട്ടകേന്ദ്രം പ്രവര്‍ത്തിക്കുന്നതും ഇവിടെ മദ്യവില്‍പ്പനയും കോഴിയങ്കവും പതിവായതോടെ പെരുതിമുട്ടി നാട്ടുകാര്‍. കുബണൂര്‍ വില്ലേജ് ഓഫീസിന് സമീപം സ്‌കൂള്‍ റോഡരികിലുള്ള എട്ട് ഏക്കര്‍ സ്ഥലത്താണ് ഷെഡ് കെട്ടി വന്‍ചൂതാട്ടകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇതിന് സമീപത്തായി മദ്യ വില്‍പ്പനയും കോഴിയങ്കവും പതിവായതോടെ നാട്ടുകാര്‍ പൊറുതി മുട്ടിയിരിക്കുകയാണ്.

സഹോദരങ്ങള്‍ ചേര്‍ന്നാണത്രെ മദ്യ വില്‍പ്പന നടത്തുന്നത്. ദിനേന ലക്ഷക്കണക്കിന് രൂപയുടെ ചൂതാട്ടം നടക്കുന്നതായും പറയുന്നു. ആഴ്ച്ചയില്‍ അഞ്ച് ദിവസം കോഴിയങ്കവും നടക്കുന്നുണ്ട്. സ്വകാര്യ വ്യക്തിയുടെ എട്ട് ഏക്കര്‍ സ്ഥലത്ത് പന്തല്‍ സ്ഥാപിച്ചാണ് ചൂതാട്ടം നടക്കുന്നത്. രാവിലെ മുതല്‍ രാത്രി 12 മണി വരെയും ചൂതാട്ടം നടക്കുന്നു. ഇവിടെക്ക് കര്‍ണാടകയില്‍ നിന്നും കാസര്‍കോടിന്റെ പലഭാഗത്ത് നിന്നും ആളുകള്‍ എത്തുന്നു. കളിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മദ്യം വിളമ്പുന്നതും പതിവാണ്. പണം നഷ്ടപ്പെട്ടവര്‍ മദ്യലഹരിയില്‍ ബഹളം വെക്കുന്നതും സംഘട്ടനത്തിലേര്‍പ്പെടുന്നതും നിത്യ കാഴ്ചയാണ്. ചൂതാട്ട കേന്ദ്രത്തിന് സമീപം നടക്കുന്ന കോഴിയങ്കത്തിനും നിരവധി പേരാണ് എത്തുന്നത്. ഇതിന്റെ പേരിലും വഴക്കും സംഘട്ടനവും പതിവാണ്. സ്‌കൂളിലേക്ക് പോകുന്ന ഇടുങ്ങിയ റോഡില്‍ കൂടി രാത്രി കാലങ്ങളില്‍ ഇവിടത്തേക്ക് എത്തുന്നവരുടെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും നിര്‍ത്തിയിടുന്നതും മദ്യകുപ്പികള്‍ റോഡിലേക്ക് വലിച്ചെറിയുന്നതും കാണാം.

ആരെങ്കിലും ഇതിനെ ചോദ്യം ചെയ്താല്‍ സംഘം കൊലവിളി നടത്തി ഭീഷണിപ്പെടുത്തുന്നതിനാല്‍ ഭയം കാരണം നാട്ടുകാര്‍ പ്രതികരിക്കാന്‍ നില്‍ക്കാറില്ല. വൈകിട്ട് സ്‌കൂള്‍ വിട്ട് വരുന്ന വിദ്യാര്‍ത്ഥികള്‍ മദ്യപാനികളുടെ ശല്യം കാരണം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here