ദുബൈ: ഗള്‍ഫ് രാജ്യങ്ങളിലെ സ്‍കൂളുകളില്‍ വേനല്‍ അവധിക്കൊപ്പം ആറ് ദിവസത്തെ ബലി പെരുന്നാള്‍ അവധി കൂടി വന്നതോടെ ദുബൈ വിമാനത്താവളത്തില്‍ വലിയ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ജൂണ്‍ 20 മുതല്‍ ജൂലൈ മൂന്നാം തീയ്യതി വരെയുള്ള സമയത്ത് ഏതാണ്ട് 35 ലക്ഷത്തിലധികം യാത്രക്കാര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് പ്രതിദിനം ശരാശരി 2.52 ലക്ഷത്തിലധികം ആളുകളായിരിക്കും വിമാനത്താവളം ഉപയോഗിക്കുക.
ജൂണ്‍ 23 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലാണ് ഏറ്റവുമധികം തിരക്ക് പ്രതീക്ഷിക്കുന്നത്. ഇതില്‍ തന്നെ ജൂണ്‍ 24 ആയിരിക്കും തിരക്കേറിയ ദിവസം. അന്നു ഒരു ലക്ഷത്തോളം പേര്‍ ദുബൈയില്‍ നിന്ന് മറ്റ് നഗരങ്ങളിലേക്കുള്ള വിമാനങ്ങളില്‍ മാത്രം യാത്ര ചെയ്യം. ബലിപെരുന്നാളിന് ശേഷമുള്ള ദിവസങ്ങളില്‍ അവധി കഴിഞ്ഞ് തിരിച്ചെത്തുന്നവരുടെ തിരക്കും വര്‍ദ്ധിക്കും. ജൂലൈ രണ്ടിന് മൂന്ന് ലക്ഷത്തിലധികം യാത്രക്കാരെ ദുബൈ വിമാനത്താവളത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. തിരക്കേറുന്നതിന് അനുസരിച്ച് പ്രത്യേക സംവിധാനങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കുന്നുണ്ടെങ്കിലും ഈ സമയത്ത് യാത്ര ചെയ്യുന്നവര്‍ക്കായി പ്രത്യേക അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കി.
എമിറേറ്റ്സ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഹോം ചെക്ക് ഇന്‍, ഏര്‍ലി ചെക്ക് ഇന്‍, സെല്‍ഫ് സര്‍വീസ് ചെക്ക് ഇന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണം. ദുബൈയിലും അജ്‍മാനിലും എമിറേറ്റ്സിന് സിറ്റി ചെക്ക് ഇന്‍ സംവിധാനങ്ങളും ഉണ്ട്. ഫ്ലൈ ദുബൈ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് കുറഞ്ഞത് നാല് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തണം. മറ്റ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പാണ് എത്തേണ്ടത്. സമയം ലാഭിക്കാന്‍ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാം.
കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവര്‍ക്ക് 12 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പാസ്‍പോര്‍ട്ട് കണ്‍ട്രോള്‍ നടപടികള്‍ എളുപ്പത്തിലാക്കാന്‍ സ്‍മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിക്കാം. യാത്ര ചെയ്യുന്ന സ്ഥലങ്ങളിലെ ഏറ്റവും പുതിയ പ്രവേശന നിബന്ധനകള്‍ അറിഞ്ഞിരിക്കുകയും ആവശ്യമായ രേഖകള്‍ കരുതുകയും വേണം. ലഗേജുകള്‍ നേരത്തെ ഭാരം നോക്കിയും രേഖകള്‍ ക്രമപ്രകാരം തയ്യാറാക്കി വെച്ചും സുരക്ഷാ പരിശോധനയ്ക്ക് നേരത്തെ തയ്യാറായും വിമാനത്താവളത്തിലെ സമ്മര്‍ദ്ദം കുറയ്ക്കാം. സ്‍പെയര്‍ ബാറ്ററികളും പവര്‍ ബാങ്കുകളും സുരക്ഷാ പ്രശ്നമുള്ള സാധനങ്ങളായി കണക്കാക്കുന്നതിനാല്‍ ചെക്ക് ഇന്‍ ബാഗേജില്‍ അനുവദിക്കില്ല. അത്തരം സാധനങ്ങള്‍ ശരിയായ രീതിയില്‍ പാക്ക് ചെയ്‍ത് ഹാന്റ് ബാഗേജില്‍ വെയ്ക്കണം.
ദുബൈ മെട്രോ ഉപയോഗിക്കുന്നവര്‍ക്ക് നേരിട്ട് വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലിലേക്കും മൂന്നാം ടെര്‍മിനലിലേക്കും എത്താനാവും. പെരുന്നാള്‍ തിരക്ക് പരിഗണിച്ച് മെട്രോ പ്രവര്‍ത്തന സമയവും സാധാരണ ദീര്‍ഘിപ്പിക്കാറുണ്ട്. ഒന്നാം ടെര്‍മിനലിലും മൂന്നാം ടെര്‍മിനലിലും സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ അവിടങ്ങളിലേക്ക് വരുന്നവര്‍ നിര്‍ദ്ദിഷ്ട പാര്‍ക്കിങ് സ്ഥലങ്ങളില്‍ വാഹനം നിര്‍ത്തണം. ടെര്‍മിനലിന് മുന്നില്‍ പൊതുഗതാഗത സംവിധാനങ്ങളും അംഗീകൃത വാഹനങ്ങളും മാത്രമേ അനുവദിക്കൂ.