ആദ്യത്തെ ഫ്ലെക്‌സ്-ഫ്യുവൽ മാസ് സെഗ്‌മെന്റ് വാഹനം പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നതായി കഴിഞ്ഞ കുറച്ചുകാലമായി കേട്ടു തുടങ്ങിയിട്ട്. മാരുതി വാഗൺആർ ഫ്ലെക്‌സ്-ഫ്യുവൽ ഹാച്ച്ബാക്കാണ് ഈ മോഡല്‍. ഈ വർഷം ആദ്യം ദില്ലി ഓട്ടോ എക്‌സ്‌പോയിൽ വാഹനം പ്രത്യക്ഷപ്പെട്ടിരുന്നു. ഫ്ലെക്സ്-ഇന്ധന വാഹനങ്ങൾ പുറത്തിറക്കാൻ തയ്യാറാണെന്നും കമ്പനി വെളിപ്പെടുത്തിയിരുന്നു. എന്നാൽ അത്തരം ഇന്ധനങ്ങൾ രാജ്യത്തുടനീളം എളുപ്പത്തിൽ ലഭ്യമാകുന്നതുവരെ വാണിജ്യപരമായി ഉൽപ്പാദനം ആരംഭിക്കുന്നത് കമ്പനിക്ക് ബുദ്ധിമുട്ടാണ്. 2025-ഓടെ ഫ്ലെക്സ്-ഫ്യുവൽ പ്രോഗ്രാം അവതരിപ്പിക്കാൻ മാരുതി ലക്ഷ്യമിടുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഫ്ലെക്സ് ഇന്ധന എഞ്ചിനുമായി വാഗൺആർ 2025 നവംബറിൽ ഉൽപ്പാദനത്തിലേക്ക് പ്രവേശിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജപ്പാനിലെ സുസുക്കി മോട്ടോർ കോർപ്പറേഷനിൽ നിന്നുള്ള ഇൻപുട്ടുകൾ ഉപയോഗിച്ച് മാരുതി സുസുക്കിയുടെ ഇൻ-ഹൗസ് എഞ്ചിനീയറിംഗ് ടീമാണ് വാഗൺആർ ഫ്ലെക്സ് ഫ്യൂവൽ ഹാച്ച്ബാക്ക് രൂപകൽപ്പന ചെയ്‍ത് വികസിപ്പിച്ചിരിക്കുന്നത്. 20 ശതമാനം (E20) – 85 ശതമാനം (E85) വരെയുള്ള ഏത് എത്തനോൾ-പെട്രോൾ മിശ്രിതത്തിലും ഓടുന്ന ഇന്ത്യയിലെ ആദ്യത്തെ മാസ്-മാർക്കറ്റ് ഫ്ലെക്സ് ഇന്ധന വാഹനമായിരിക്കും ഇത്.
എത്തനോളിന്റെ കുറഞ്ഞ കലോറിക് മൂല്യവും കൈകാര്യം ചെയ്യുന്നതിനായി, കാർ നിർമ്മാതാക്കൾ അവരുടെ സാധാരണ പെട്രോൾ എഞ്ചിനുകളിൽ ചില മാറ്റങ്ങൾ വരുത്തി അവയെ ഫ്ലെക്സ് ഇന്ധനത്തിന് അനുയോജ്യമാക്കുന്നു. എഥനോൾ ശതമാനം കണ്ടെത്തുന്നതിനുള്ള എത്തനോൾ സെൻസറുകൾ, കോൾഡ് സ്റ്റാർട്ട് അസിസ്റ്റിനുള്ള ഹീറ്റഡ് ഫ്യുവൽ റെയിൽ എന്നിങ്ങനെയുള്ള പുതിയ ഇന്ധന സംവിധാന സാങ്കേതികവിദ്യയാണ് മാരുതി വാഗൺആർ ഫ്ലെക്‌സ് ഫ്യൂവലിലുള്ളത്.
പുതുക്കിയ എഞ്ചിൻ മാനേജ്മെന്റ് സിസ്റ്റം, ഫ്യൂവൽ ഇൻജക്ടർ, ഫ്യൂവൽ പമ്പ് എന്നിവ സജ്ജീകരണത്തെ കൂടുതൽ ശക്തമാക്കുന്നു. ഇത് ബിഎസ് 6 ഫേസ് II എമിഷൻ മാനദണ്ഡങ്ങളും പാലിക്കും. E85 ഇന്ധനത്തിൽ പ്രവർത്തിക്കുമ്പോൾ, സാധാരണ പെട്രോൾ എഞ്ചിനേക്കാൾ 79 ശതമാനം കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ ഫ്ലെക്സ് ഇന്ധനമായ വാഗൺആർ അവകാശപ്പെടുന്നു. ശക്തിയുടെയും പ്രകടനത്തിന്റെയും കാര്യവും ഇത് ഉറപ്പാക്കുന്നു.
ഹാച്ച്‌ബാക്കിന്റെ ഫ്ലെക്‌സ് ഇന്ധന പതിപ്പിൽ ചില പുതിയ ബോഡി ഗ്രാഫിക്സും ബോഡിയില്‍ ഉടനീളം പച്ച അലങ്കാരങ്ങളും ഉണ്ടായിരിക്കാം. അകത്ത് നിരവധി ഫീച്ചറുകളോടു കൂടി ഒരു ഡ്യുവൽ-ടോൺ ബ്ലാക്ക്, ബീജ് ഇന്‍റീരിയര്‍ ലഭിച്ചേക്കാം. മൗണ്ടഡ് കൺട്രോളുകളുള്ള ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കീലെസ് എൻട്രി ഉള്ള സെൻട്രൽ ലോക്കിംഗ്, ഡ്യുവൽ എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, പിൻ പാർക്കിംഗ് സെൻസറുകൾ, സെൻട്രൽ ലോക്കിംഗ് തുടങ്ങിയ ഫീച്ചറുകള്‍ വാഹനത്തില്‍ ലഭിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്താണ് ഫ്ലെക്സ് ഫ്യുവല്‍ എഞ്ചിന്‍?
ഫ്ലെക്സ് എഞ്ചിൻ എന്നാല്‍ ഒന്നിൽ കൂടുതൽ ഇന്ധനത്തിലോ മിശ്രിത ഇന്ധനത്തിലോ പ്രവർത്തിക്കാൻ കഴിയുന്ന എഞ്ചിനാണ് ഫ്ലക്സ് എഞ്ചിനുകൾ. പെട്രോളും എഥനോളും വിവിധ അനുപാതത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഫ്ലെക്‌സ് ഫ്യുവല്‍ എഞ്ചിനുകളില്‍ ഉള്ളത്. നിലവില്‍ കിട്ടുന്ന പെട്രോളില്‍ എട്ടു ശതമാനത്തോളം ഏഥനോളുണ്ട്. ഇത് 50 ശതമാനം വരെ കൂട്ടാന്‍ സാധിക്കും. സാധാരണഗതിയിൽ പെട്രോൾ, എഥനോൾ അല്ലെങ്കിൽ മെഥനോൾ എന്നിവയുടെ മിശ്രിതമാണ് ഇവയിൽ ഉപയോഗിക്കുന്നത്. ഏത് മിശ്രിതത്തിനും അനുയോജ്യമായി സ്വയം ക്രമീകരിക്കാൻ കഴിയുന്ന എഞ്ചിനുമാണിത്. ആധുനിക വാഹനങ്ങളിലുള്ള ഫ്യൂവൽ കോമ്പോസിഷൻ സെൻസർ, ഇ.സി.യു പ്രോഗ്രാമിങ് പോലുള്ള പരിഷ്‍കാരങ്ങളാണ് ഇത് സാധ്യമാക്കുന്നത്.