വരിവരിയായി നിർത്തി, പേടിച്ച് ഓടിയ മകനെ പിടിച്ചുവെച്ചു, 3, 4, 7 വയസ്സുള ആൺമക്കളെ വെടിവച്ചു കൊന്ന് പിതാവ്

0
247

ഒഹിയോ: അമേരിക്കയെ ഞെട്ടിച്ച് ക്രൂര കൊലപാതകം. യുഎസിലെ ഒഹിയോയിൽ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ പിതാവ് വരിവരിയായി നിർത്തി വെടിവെച്ച് കൊലപ്പെടുത്തി. സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. . 32 വയസ്സുകാരനായ ചാഡ് ഡോവർമാൻ എന്നയാളാണ് അറസ്റ്റിലായത്. മൂന്ന്, നാല്, ഏഴ് വയസ്സുള്ള ആൺമക്കളെയാണ് ഇയാൾ വെടിവച്ചു കൊലപ്പെടുത്തിയത്.

വ്യാഴാഴ്ചയാണ് ദാരുണമായ കൊലപാതകം നടന്നത്. പ്രായപൂർത്തിയാകാത്ത മൂന്ന് ആൺമക്കളെ വരിയായി നിർത്തി പിതാവ് വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞതായി ‘ന്യൂയോർക്ക് പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു. അതിദാരുണമായ കാഴ്ച കണ്ട് പേടിച്ച് തെരുവിലേക്ക് ഓടി ബഹളംവച്ച് ആളെക്കൂട്ടിയ മകളാണ് കൊലപാതക വിവരം പുറത്തറിയിച്ചത്. വെടിവെപ്പിൽ കുട്ടികളുടെ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. തോക്കുമായെത്തിയ പിതാവ് തന്‍റെ 3, 4, 7 വയസ്സുള്ള ആൺമക്കളെ വീടിനുള്ളിൽ വരിവരിയായി നിർത്തി. ഭാര്യ തടയാൻ ശ്രമിച്ചെങ്കിലും തോക്കുകൊണ്ട് ഓരോരുത്തരെയായി വെടി വെച്ചു.
സഹോദരങ്ങൾക്കു നേരെ നിറയൊഴിക്കുന്നതു കണ്ട ആൺകുട്ടികളിൽ ഒരാൾ വീട്ടിൽ നിന്നും ഇറങ്ങി ഓടി. സമീപത്തെ പറമ്പിലേക്ക് ഓടി രക്ഷപെടാൻ ശ്രമിച്ച കുട്ടിയെ പിതാവ് പിന്നാലെ ഓടിയെത്തി പിടികൂടി. പിന്നീട് വീട്ടിൽ തിരിച്ചെത്തിച്ച് വെടിവച്ചു കൊലപ്പെടുത്തി.

മക്കളെ വെടിവയ്ക്കുന്നത് തടയാനുള്ള ശ്രമത്തിനിടെയാണ് യുവതിയുടെ കയ്യിൽ വെടിയേറ്റതെന്നാണ് വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്ഛൻ സഹോദരങ്ങളെ വെടിവയ്ക്കുന്നതു കണ്ടയുടനെ മൂത്ത മകൾ പുറത്തേക്ക് ഓടി പ്രദേശവാസികളെ വിവരം അറിയിക്കുകയായിരുന്നു. അച്ഛൻ എല്ലാവരെയും കൊല്ലുന്നു എന്ന് അലറി വിളിച്ചാണ് പെണ്‍കുട്ടി തെരുവിലേക്ക് ഓടിയെത്തിയത് അയല്‍വാസികള്‍ എമർജൻസി നമ്പരിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തി. ആംബുലൻസ് എത്തിയപ്പോഴേയ്ക്കും മൂന്ന് കുട്ടികളും മരിച്ചിരുന്നു.

പൊലീസ് സ്ഥലത്തെത്തുമ്പോൾ വീടിന് പുറത്തിരിക്കുകയായിരുന്നു പ്രതി. താനാണ് കൊല നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ആൺമക്കളെ കൊലപ്പെടുത്താൻ കുറച്ചു നാളായി പദ്ധതിയിട്ടിരുന്നതായാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here