ലഖ്‌നൗ: ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ യഷ് ദയാലിന്റ വര്‍ഗീയ ചുവയുള്ള ഇന്‍സ്റ്റഗ്രാം സ്റ്റോറിക്ക് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം റിങ്കു സിംഗിനെ വാഴ്ത്തി സോഷ്യല്‍ മീഡിയ. അല്‍പസമയം മുമ്പാണ് ഉത്തര്‍ പ്രദേശിലെ അലഹബാദില്‍ നിന്നുള്ള യഷ് വര്‍ഗീയ പോസ്റ്റുമായെത്തിയത്. പിന്നാലെ നീക്കം ചെയ്യുകയും മാപ്പ് ചോദിക്കുകയും ചെയ്തു. എന്നാല്‍ ക്രിക്കറ്റ് ലോകം വെറുതെ വിട്ടില്ല.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ഓരോവറില്‍ അഞ്ച് സിക്‌സ് മേടിച്ചത് നന്നായി പോയെന്നാണ് ആരാധകര്‍ പറയുന്നത്. റിങ്കു സിംഗാണ് അന്ന് യഷിനെ പഞ്ഞിക്കിട്ടത്. അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സ് വേണമെന്നിരിക്കെയാണ് യഷ് പന്തെറിയാനെത്തിയത്.
ആദ്യ പന്തില്‍ ഉമേഷ് യാദവ് സിംഗിളിട്ട് കൊടുത്ത് സ്‌ട്രൈക്ക് റിങ്കുവിന് കൈമാറി. അവസാന അഞ്ച് പന്തുകളും സിക്‌സ് പായിച്ച റിങ്കു കൊല്‍ക്കത്തയ്ക്ക് മൂന്ന് വിക്കറ്റിന്റെ വിജയം സമ്മാനിച്ചു. പിന്നീട് പലരും യഷിനെ ആശ്വസിപ്പിച്ചിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോലും താരത്തെ പിന്തുണച്ച് പോസ്റ്റുമായെത്തി.
മത്സരത്തിന് ശേഷം ഗുജറാത്ത് അധികം അവസരങ്ങള്‍ യഷിന് നല്‍കിയിരുന്നില്ല. താരം കടുത്ത മാനസിക പ്രയാസത്തിലാണെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വര്‍ഗീയ പരാമര്‍ശത്തിന് പിന്നാലെ പുലിവാല് പിടിച്ചിരിക്കുകയാണ്. ഒരു വിഭാഗത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്ന തരത്തിലായിരുന്നു യഷിന്റെ ഇന്‍സ്റ്റ്ഗ്രാം സ്റ്റോറി. ടീമിലുള്ള സഹതാരങ്ങളെ കുറിച്ചോര്‍ത്തെങ്കിലും യഷ് ഇത് ചെയ്യരുതായിരുന്നുവെന്നും ആരാധകര്‍ പറയുന്നു.
ഇതോടെ റിങ്കു ഒരിക്കല്‍ ട്വിറ്ററില്‍ ട്രന്‍ഡിംഗായി. റിങ്കുവിന് നന്ദി അറിയിച്ചാണ് പലരുമെത്തിയത്. യഷിന്റെ തനിനിറം കാണിച്ചുതന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. യഷിനെതിരെ അഞ്ച് പന്തും സിക്‌സ് നേടുന്ന വീഡിയോയും ആരാധഖര്‍ പങ്കുവച്ചിട്ടുണ്ട്. ചില ട്വീറ്റുകള്‍ വായിക്കാം…