യുഎഇയില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

0
244

അബുദാബി: യുഎഇയിലെ പൊതുമേഖലയ്ക്ക് ബാധകമായ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ ഫെഡറല്‍ മന്ത്രാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നാല് ദിവസത്തെ അവധിയാണ് ബലി പെരുന്നാളിന് ഔദ്യോഗികമായി ലഭിക്കുക. മാസപ്പിറവി ദൃശ്യമാവുന്നതിന് അനുസരിച്ച് അവധി ദിനങ്ങളില്‍ മാറ്റം വരാം. എന്നാല്‍ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആറ് ദിവസം അവധി ലഭിക്കാനുള്ള സാധ്യതയുമുണ്ട്.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഹിജ്റ കലണ്ടറിലെ ദുല്‍ഹജ്ജ് മാസം ഒമ്പതാം തീയ്യതി മുതല്‍ 12-ാം തീയ്യതി വരെയാണ് ബലി പെരുന്നാള്‍ അവധി. ദുല്‍ഹജ്ജ് ഒമ്പതാം തീയ്യതി അറഫാ ദിനത്തിന്റെയും തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വേണ്ടിയുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ദുല്‍ഹജ്ജ് മാസത്തിന് തുടക്കം കുറച്ചുകൊണ്ടുള്ള മാസപ്പിറവി ജൂണ്‍ 18ന് ദൃശ്യമാവുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ അന്ന് മാത്രമേ അവധി ദിവസങ്ങള്‍ സംബന്ധിച്ച് വ്യക്തത വരൂ.

Also Read:നാട്ടിലേക്ക് തിരിക്കാനിരുന്ന പ്രവാസി കുടുംബത്തിന്റെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും കവർന്നു

നിലവിലെ ജ്യോതിശാസ്‍ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം അറഫാ ദിനം ജൂണ്‍ 27നും ബലി പെരുന്നാള്‍ ജൂണ്‍ 28നും ആയിരിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ ആണെങ്കില്‍ ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂണ്‍ 30 വെള്ളിയാഴ്ച വരെയായിരിക്കാം അവധി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ അവധി ലഭിക്കുന്നതിനാല്‍ അതു കൂടി കണക്കാക്കുമ്പോള്‍ ആകെ ആറ് ദിവസം അവധി ലഭിച്ചേക്കും. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരാന്‍ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമാവുന്നത് വരെ കാത്തിരിക്കണം.

 

LEAVE A REPLY

Please enter your comment!
Please enter your name here