സഊദിയിൽ മയക്കുമരുന്ന് വേട്ട ശക്തം; മലയാളി വിദ്യാർഥികളടക്കം നിരവധി പേർ ജയിലുകളിൽ

0
228

റിയാദ്: സഊദിയിൽ മയക്കുമരുന്ന് വേട്ട ശക്തമാക്കിയതോടെ മലയാളി വിദ്യാർഥികളടക്കം നിരവധി പേർ ജയിലുകളിൽ. പ്രവാസി മലയാളികൾക്ക് പുറമെ പ്രവാസി മലയാളി കുടുംബങ്ങളിലെ വിദ്യാർത്ഥികളും ഇത്തരത്തിൽ കേസുകളിൽ അകപ്പെട്ട് ജയിലിൽ കഴിയുന്നതായി സാമൂഹ്യപ്രവർത്തകരാണ് വെളിപ്പെടുത്തിയത്. കിഴക്കൻ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിൽ മയക്കു മരുന്ന് കേസുകൾ വർധിച്ചു വരുന്നതായും, പിടിക്കപ്പെടുന്നവരിൽ കൂടുതലും ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്നും സാമൂഹ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസം മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കൊല്ലം ജില്ലകളിലെ ചില രക്ഷിതാക്കൾ സാമൂഹ്യ പ്രവർത്തകരെ സമീപിച്ചു തങ്ങളുടെ മക്കളെ കുറിച്ച് ഒരാഴ്ചയായി ഒരു വിവരവുമില്ലെന്ന് പരാതിപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് സാമൂഹ്യ പ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് ഇവർ എത്തപ്പെട്ട ഏറ്റവും അപകടകരമായ അവസ്ഥയെ കുറിച്ച് പുറം ലോകമറിയുന്നത്. മലപ്പുറം സ്വദേശിയുടെ മകൻ പിടിയിലായത് ജുബൈലിൽ വെച്ചായിരുന്നു. ജീവിതത്തിൽ ഒരു പുകവലി പോലും കണ്ടെത്താൻ കഴിഞ്ഞില്ലെന്നു മാത്രമല്ല വളരെ സൽസ്വഭാവിയായ തന്റെ പുത്രൻ എങ്ങനെ ഈ റാക്കറ്റിൽ അകപ്പെട്ടു എന്ന് പറഞ്ഞു വിലപിക്കുകയാണ് പിതാവ്. ഓൺലൈൻ മാർഗം ഓർഡർ നൽകുകയും പണം സ്വീകരിക്കുകയും ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഇത്തരം സാധനങ്ങൾ ഒളിപ്പിച്ചു വെച്ച് സാമൂഹ്യ മാധ്യമങ്ങൾ വഴി ലോക്കേഷൻ നൽകുകയും ചെയ്യുന്ന വിൽപന രീതിയാണ് ഇവർ കൈക്കൊള്ളുന്നത്. മക്കളുടെ വഴിവിട്ട ഇത്തരം ഇടപാടുകൾ കാരണം നിരവധി കുടുംബങ്ങൾ ഇതിനകം തന്നെ നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു.

പിടുകൂടുന്നവരിൽ കൂടുതലും യുവാക്കളും വിദ്യാർഥികളുമാണെന്നത് ഞെട്ടിക്കുന്നതാണ്. പലരും നാണക്കേട് മൂലം രഹസ്യമാക്കി വെക്കുകയാണ്. എന്നാൽ, ഇതിലൂടെ വലിയ പ്രശ്‌നങ്ങളിൽ അകപ്പെടുന്നതായാണ് കണ്ടു വരുന്നത്. മലയാളികളായ നിരവധി വിദ്യാർഥികളും യുവാക്കളും ഇതിനകം ദമാമിൽ പിടിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ രക്ഷിതാക്കളും സാമൂഹ്യ പ്രവർത്തകരും സംഘടനകളും പ്രവാസി സമൂഹത്തിനിടയിൽ ശക്തമായ ബോധവൽക്കരണം നടത്തണമെന്നും ജാഗ്രത പാലിക്കണമെന്നും അവർ അഭ്യർഥിച്ചു.

മുൻകാലങ്ങളിൽ ഒന്നും കാണാത്ത വിധം യുവാക്കളിൽ മയക്കു മരുന്ന് ഉപയോഗം വർധിച്ചിട്ടുണ്ട്. ഇത് സമൂഹത്തിൽ ദൂരവ്യാപകമായ വിപത്താണ് സൃഷ്ടിക്കുന്നത്. കമ്യൂണിറ്റി സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഇതര രാജ്യക്കാരായ റാക്കറ്റുകൾ വിദ്യാർഥികളെ വലവീശി പിടിക്കുകയും ഈ ചങ്ങലയിൽ കണ്ണികളാക്കി ഒരിക്കലും പിന്തിരിയാൻ കഴിയാത്ത വിധം വരിഞ്ഞു മുറുക്കുന്നതായുമാണ് കണ്ടെത്തിയിരിക്കുന്നത്. കുടുംബങ്ങൾക്കും സമൂഹത്തിനും വെല്ലുവിളിയായി തീർന്നിരിക്കുന്ന മയക്കുമരുന്ന് എന്ന ഈ സാമൂഹ്യ വിപത്തിനെ തുരത്താൻ അധികൃതർക്കൊപ്പം പ്രവാസി സമൂഹം ശക്തമായി നിലകൊള്ളണമെന്നും ഇതിനെതിരെയുള്ള ബോധവൽക്കരണ പരിപാടികൾ ആവിഷ്‌കരിക്കണമെന്നും സാമൂഹ്യ പ്രവർത്തകർ ആവശ്യപ്പെട്ടു.

സഊദിയിൽ മയക്കു മരുന്നിനെതിരെ പ്രത്യേക കാംപയിൻ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി ശക്തമായ പരിശോധനകൾ നടന്നുവരുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പേരാണ് ഇതിനിടെ പിടിക്കപ്പെടുന്നത്. പിടിക്കപ്പെടുന്നവർക്ക് കടുത്ത ശിക്ഷയാണ് ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here