പ്ലേസ്റ്റോറിൽ ലഭ്യമായ ഒറിജിനൽ വാട്സ്ആപ്പിനേക്കാൾ അധിക ഫീച്ചറുകളും ‘പിങ്ക്’ ലുക്കുമുള്ള വാട്സ്ആപ്പ് വാഗ്ദാനം ചെയ്താണ് ആൻഡ്രോയ്ഡ് യൂസർമാരെ ലക്ഷ്യമിടുന്നത്. “അധിക ഫീച്ചറുകളോടെ ഔദ്യോഗികമായി പുറത്തിറക്കിയ പുതിയ പിങ്ക് വാട്ട്‌സ്ആപ്പ് പരീക്ഷിച്ച് നോക്കുക (New Pink WhatsApp Officially Launched with Extra features Must Try this)” – ഇങ്ങനെയാണ് സന്ദേശം വരുന്നത്.
തട്ടിപ്പ് സന്ദേശം സുഹൃത്തുക്കൾ തന്നെ അയക്കും..!
അതെ, ചിലപ്പോൾ നിങ്ങളുടെ സുഹൃത്തുക്കൾ തന്നെയാകും പിങ്ക് വാട്സ്ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള സന്ദേശമയക്കുക. കാരണം, വാട്സ്ആപ്പ് ഹാക്ക് ചെയ്താണ് തട്ടിപ്പുകാർ കൂടുതലാളുകളെ ഇരയാക്കുന്നത്. നിങ്ങൾ ആപ്പ് ഡൗൺലോഡ് ചെയ്‌താൽ, ‘‘വാട്ട്‌സ്ആപ്പ് പിങ്ക് ആപ്പ് ഡൗൺലോഡ് ചെയ്യാനു’’ള്ള സന്ദേശം നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ പേരിൽ നിന്നും നിങ്ങളുടെ എല്ലാ കോൺടാക്‌റ്റുകളിലേക്കും പോകും.
കെണിയിൽ വീഴുന്ന ആൾ, ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതോടെ പണി പിറകെ വരും. മൊബൈൽ ഫോൺ ഹാക്ക് ചെയ്യുന്ന മാൽവെയർ ആയിരിക്കും യൂസർമാർ ഇൻസ്റ്റാൾ ചെയ്യുന്നത്. അങ്ങനെ സംഭവിച്ചാൽ, ധന നഷ്ടവും ചിലപ്പോൾ മാനഹാനി വരെ തേടിയെത്തിയേക്കാം.
അതെ, നമ്മുടെ പ്രധാനപ്പെട്ട രേഖകളും, ചിത്രങ്ങളും വിഡിയോകളും, മറ്റ് സ്വകാര്യ വിവരങ്ങളുമുള്ള സ്മാർട്ട്ഫോണുകൾ ഹാക്ക് ചെയ്യാൻ തന്നെയാണ് പിങ്ക് വാട്സ്ആപ്പ് സൈബർ തട്ടിപ്പുകാർ പ്രചരിപ്പിക്കുന്നത്. നമുക്ക് നമ്മുടെ ഫോണിലുള്ള നിയന്ത്രണം വരെ നഷ്ടമാകും. അതുകൊണ്ട് തന്നെ എ.പി.കെ ഫയലുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോഴും തേർഡ്-പാർട്ടി വെബ് സൈറ്റുകളിൽ പോയി എന്ത് ഡൗൺലോഡ് ചെയ്യാൻ പോകുമ്പോഴും രണ്ടുതവണ ആലോചിക്കുക….!