ന്യൂഡല്‍ഹി: നമ്മുടെ വീടുകളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുവാണ് കട്ടിങ് ബോര്‍ഡുകള്‍ അഥവാ ചോപ്പിങ് ബോര്‍ഡുകള്‍. പച്ചക്കറി, പഴങ്ങള്‍, മത്സ്യം, മാംസം തുടങ്ങി എല്ലാം മുറിക്കാന്‍ നമുക്കിത് ഒഴിച്ചു കൂടാനാവാത്തതാണ്. പ്ലാസ്റ്റിക്കിലും മരത്തിലും നിര്‍മിച്ച പല വലിപ്പത്തിലും ആകൃതിയിലുമുള്ള ചോപ്പിങ് ബോര്‍ഡുകള്‍ വിപണിയില്‍ ലഭ്യമാണ്. എല്ലാ ദിവസവും നമ്മള്‍ ഉപയോഗിക്കുന്നതുമാണ്. എന്നാല്‍ ഇതിനുള്ളില്‍ ഏറെ അപകടം ഒളിഞ്ഞിരിപ്പുണ്ടെന്ന് നമുക്കറിയാമോ. പ്രമേഹം, ഹൃദ്രോഗം തുടങ്ങി പ്രത്യുല്‍പാദന വൈകല്യത്തിനും അമിതവണ്ണത്തിനും വരെ ഇവ കാരണമായേക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
Also Read:എ ഐ ക്യാമറ: ജില്ലയിൽ 47കേന്ദ്രങ്ങളിൽ
ശരിയായി വൃത്തിയാക്കാത്ത ചോപ്പിങ് ബോര്‍ഡിലെ ഒരു ചതുരശ്ര സെന്റിമീറ്ററില്‍ ടോയ്‌ലറ്റ് സീറ്റിനേക്കാള്‍ 200 മടങ്ങ് ബാക്ടീരികളുണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിന് പുറമെ ബോര്‍ഡുകളില്‍ അടങ്ങിയിരിക്കുന്ന മൈക്രോപ്ലാസ്റ്റിക് അംശമാണ് ടൈപ്പ്2 പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. ഇത് കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും അലര്‍ജിക്കും പ്രത്യുല്‍പാദന വൈകല്യത്തിനും അമിതവണ്ണത്തിനും കാരണമാവുമെന്നും പഠനങ്ങള്‍ പറയുന്നു.
Also Read:വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ജാഗ്രതേ; പുതിയൊരു പ്രശ്നമുണ്ട്.!
നോര്‍ത്ത് ഡക്കോട്ട സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനത്തില്‍ ചോപ്പിങ് ബോര്‍ഡുകളില്‍ അരിഞ്ഞ കാരറ്റില്‍ വിഷാംശമുള്ള ദശലക്ഷക്കണക്കിന് സൂക്ഷ്മകണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ബോര്‍ഡുകളില്‍ സാല്‍മൊണല്ല, ഇകോളി, തുടങ്ങിയ ബാക്ടീരികകള്‍ പെരുകുമെന്നും ഛര്‍ദി, വയറുവേദന, വയറിളക്കം എന്നിവയുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അസംസ്‌കൃതമാംസങ്ങള്‍, പ്രത്യേകിച്ച് ചിക്കന്‍ ബോര്‍ഡുകളില്‍ മുറിക്കുമ്പോള്‍ സാല്‍മൊണല്ലയുടെയും ക്യാമ്പിലോബാക്റ്ററിന്റെയും അവശിഷ്ടങ്ങള്‍ അവശേഷിപ്പിക്കും. മുറിച്ചുകഴിഞ്ഞശേഷം കട്ടിങ് ബോര്‍ഡുകള്‍ ശരിയായി വൃത്തിയാക്കിയില്ലെങ്കില്‍ രോഗാണുക്കള്‍ പരക്കാനും പിന്നീട് മറ്റെന്തെങ്കിലും മുറിക്കുമ്പോള്‍ അതുവഴി ഭക്ഷണത്തിലേക്ക് കടക്കുകയും ചെയ്യുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഓരോ ഉപയോഗത്തിന് ശേഷം ബോര്‍ഡ് വൃത്തിയായി കഴുകുക
ബോര്‍ഡുകള്‍ ഉപയോഗിച്ച ശേഷം അണുവിമുക്തമാക്കണമെന്നാണ് ആരോഗ്യവിദദ്ധര്‍ പറയുന്നത്. സോപ്പുപയോഗിച്ചോ ആന്റി ബാക്ടീരിയല്‍ ക്ലെന്‍സര്‍ ഉപയോഗിച്ചോ ഇവ അണുവിമുക്തമാക്കാം. ഇവയില്‍ അഞ്ചുമിനിറ്റ് ബോര്‍ഡ് മുക്കിവെക്കുക. തുടര്‍ന്ന് വെള്ളത്തില്‍ നന്നായി കഴുകുക.പേപ്പര്‍ ടവല്‍ ഉപയോഗിച്ച് തുടച്ചെടുക്കാം.
വൃത്തിയാക്കാന്‍ തുണി ഉപയോഗിക്കരുത്
ചോപ്പിങ് ബോര്‍ഡുകള്‍ ഉപയോഗിച്ച ശേഷം കഴുകാതെ തുണികൊണ്ട് തുടച്ചുവൃത്തിയാക്കുന്ന ശീലം നല്ലതല്ല. ബോര്‍ഡ് വൃത്തിയാകുമെങ്കിലും ബാക്ടീരിയകള്‍ നശിച്ചുപോകില്ല.
പച്ചക്കറികള്‍ക്കും മാംസങ്ങള്‍ക്കും പ്രത്യേകം ബോര്‍ഡുകള്‍ ഉപയോഗിക്കുക
മാംസത്തിനും പച്ചക്കറികള്‍ക്കും വെവ്വേറെ ബോര്‍ഡുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. ഇവ രണ്ടും പ്രത്യേക സ്ഥലങ്ങളില്‍ സൂക്ഷിക്കുക. ഒരിക്കലും ഒന്നിച്ച് ഇവ സൂക്ഷിക്കരുത്.
മൂന്ന് മാസത്തിലൊരിക്കല്‍ ചോപ്പിങ് ബോര്‍ഡുകള്‍ മാറ്റുക
വര്‍ഷങ്ങളായി ഒരേ ചോപ്പിങ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ അപകടകാരിയാണ്. ബോര്‍ഡുകളില്‍ ചെറിയ പോറലുകള്‍ പോലും ഉണ്ടെങ്കില്‍ അവ മാറ്റണം. ബോര്‍ഡുകളിലെ വിള്ളലിലൂടെ ബാക്ടീരിയയും ഭക്ഷണവും കുടുങ്ങിക്കിടക്കും. അവ കഴുകിയാലും നശിക്കില്ല.അതുകൊണ്ട് തന്നെ മൂന്ന് മാസത്തിലേറെ ഒരേ ചോപ്പിങ് ബോര്‍ഡ് ഉപയോഗിക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്.