ഹെൽമറ്റില്ല, ബൈക്കിൽ യുവാവിന് അഭിമുഖമിരുന്ന് കെട്ടിപ്പിടിച്ച് യുവതി; അപകടയാത്ര വൈറലായി, നടപടി

0
231

ഗാസിയാബാദ്: അപകടകരമായ രീതിയിൽ ബൈക്കിൽ യുവാവും യുവതിയും യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ നടപടിയുമായി പൊലീസ്. ദേശീയപാത 9ൽ ബൈക്കിൽ സ‍ഞ്ചരിച്ച കമിതാക്കളുടെ വീഡിയോയാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഇന്ദിരാപുരത്ത്  ആണ് സംഭവം. വീഡിയോ വൈറലായതോടെ ഇരുവർക്കും ഗാസിയാബാദ് ട്രാഫിക് പൊലീസ് പിഴ ചുമത്തി.

അമിത വേഗതയിൽ ബൈക്ക് ഓടിക്കുന്ന യുവാവിനെ കെട്ടിപ്പിടിച്ച് ഒരു യുവതി പിന്തിരിഞ്ഞ് ഇരിക്കുന്നതാണ് വിഡിയോയിലുള്ളത്. ബൈക്കിന്‍റെ പിറകിലെ സീറ്റിൽ ഇരിക്കുന്നതിനു പകരം ഇന്ധന ടാങ്കിനു താഴെയിരുന്ന് യുവാവിനെ കെട്ടിപ്പിടിച്ചുള്ള യാത്ര സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അമിത വേഗതയിൽ പോകുന്ന ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെയാണ് ഇരുവരും ഉണ്ടായിരുന്നത്. ബൈക്കിനു പിന്നാലെയെത്തിയ കാറിലെ യാത്രക്കാരാണ് ഈ അപകട യാത്രയുടെ ദൃശ്യങ്ങള്‍ പകർത്തിയത്. ട്വിറ്ററിൽ പ്രചരിച്ച ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ഗാസിയാബാദ് ട്രാഫിക് പൊലീസ് വ്യക്തമാക്കി.

അപകട യാത്രയുടെ വീഡിയോ പരിശോധിച്ച് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാൻ ഗാസിയാബാദ് ഡപ്യൂട്ടി കമ്മിഷണർ ഇന്ദിരാപുരം പൊലീസിനു നിർദേശം നൽകിയിട്ടുണ്ട്. വീഡിയോ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ നിരവധി പേർ വിമർശനവുമായി രംഗത്ത് വന്നിരുന്നു. റോഡ് സുരക്ഷാ നിയമങ്ങൾ എല്ലാവർക്കും ബാധകമാണെന്നും ഇത്തരം അപകടകരമായ നിയമലംഘനങ്ങള്‍ക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്ത് വന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഉൾപ്പെടെ ടാഗ് ചെയ്ത് നിരവധിപ്പേർ യുവാവിനും യുവതിക്കുമെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.

അടുത്തിടെ രാജസ്ഥാനിലും സമാനമായ സംഭവം നടന്നിരുന്നു. അമിത വേഗത്തിൽ പായുന്ന ബൈക്കിലിരുന്ന് പരസ്പരം ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന കമിതാക്കളുടെ വീഡിയോയാണ് രാജസ്ഥാനിൽ നിന്നും പുറത്ത് വന്നത്. വീഡിയോ വൈറലയാതിന് പിന്നാലെ പൊലീസ് നടപടിയെടുത്തിരുന്നു. ഇന്‍സ്റ്റഗ്രാം റീലിനായും മറ്റ് സോഷ്യൽ മീഡിയ അക്കൌണ്ടുകളിൽ പോസ്റ്റുചെയ്യാനുമെല്ലാ ഇത്തരത്തിൽ അപകടകരമായി ബൈക്ക് യാത്ര നടത്തുന്ന യുവതീയുവാക്കളുണ്ടെന്നും ഇവർക്കെതിരെ കർശന നടപടി വേണെമന്നുമാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്ന ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here