ബെംഗളൂരു: കര്‍ണാടകയില്‍ കഴിഞ്ഞ തവണത്തെ ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കിയ ഗോവധ നിരോധനം പുനപരിശോധിക്കാന്‍ കര്‍ണാടകയിലെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍. കന്നുകാലി കശാപ്പ് വിരുദ്ധ നിയമം പുനപരിശോധിക്കാനുള്ള സാധ്യതയെക്കുറിച്ച് മൃഗസംരക്ഷണ-സെറികള്‍ച്ചര്‍ മന്ത്രി കെ. വെങ്കിടേഷ് ശനിയാഴ്ച സൂചന നല്‍കിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
മൈസൂരിലെ ഫീല്‍ഡിങ് റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വെങ്കിടേഷ്. പ്രായമായ എരുമകളെ കശാപ്പ് ചെയ്യാന്‍ വ്യവസ്ഥയുണ്ടെങ്കില്‍, പ്രായമായ പശുക്കള്‍ക്ക് അത്തരമൊരു വ്യവസ്ഥ ഇല്ലാത്തതെന്താണെന്ന് മന്ത്രി ചോദിച്ചു.
ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ നിയമം സംസ്ഥാനത്ത് കന്നുകാലികളെ സംസ്‌കരിക്കുന്നതിന് പ്രയാസമുണ്ടാക്കുന്നതായും മന്ത്രി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പ് വലുതാണെങ്കിലും ബജറ്റില്‍ അതിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നും കന്നുകാലി കര്‍ഷകര്‍ക്ക് ഇന്‍സെന്റീവ് നല്‍കാനും മൃഗസംരക്ഷണം പ്രോത്സാഹിപ്പിക്കാനും ധനസഹായത്തിനായി മുഖ്യമന്ത്രി സിദ്ധരാമയ്യയോട് അഭ്യര്‍ത്ഥിക്കുമെന്നും മന്ത്രി പറഞ്ഞു. കര്‍ണാടക പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേന 400 വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2021 ഫെബ്രുവരിയിലാണ് ഗോവധ നിരോധന നിയമം കര്‍ണാടയില്‍ പ്രാബല്യത്തില്‍ വരുന്നത്. സംസ്ഥാനത്തെ 13 വയസിന് മുകളിലുള്ള പോത്തുകളെ മാത്രമേ നിലവില്‍ അറുക്കാനാകൂ. പശു, പശുക്കിടാവ്, കാള, 13 വയസ്സില്‍ താഴെയുള്ള പോത്ത് എന്നിവയെ അറുക്കുന്നതിനും വില്‍ക്കുന്നതിനുമാണ് നിരോധനമെന്നാണ് നിയമത്തില്‍ പറയുന്നത്.
2020 അവസാനം നിയമസഭയില്‍ ബില്‍ പാസാക്കിയെങ്കിലും 2021 ഫെബ്രുവരി എട്ടിനാണ് ഉപരിസഭയായ നിയമനിര്‍മാണ കൗണ്‍സിലില്‍ പാസാക്കുന്നത്. കോണ്‍ഗ്രസ്- ജെ.ഡി.എസ് അംഗങ്ങള്‍ക്ക് കൗണ്‍സിലില്‍ ഭൂരിപക്ഷമുണ്ടായിട്ടും ശബ്ദവോട്ടോടെ ഏകപക്ഷീയമായി ബി.ജെ.പി ബില്‍ പാസാക്കുകയായിരുന്നു.
https://twitter.com/tv9kannada/status/1664934903366971393?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1664934903366971393%7Ctwgr%5E2b97fd7de0d970e60159f1923300c1d07a866eab%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.doolnews.com%2Fcongress-government-to-reexamine-the-cow-slaughter-ban-law-brought-by-the-bjp-government-in-karnataka-112-62.html