ഒരു വയസുള്ള സഹോദരനെ മാറോടടക്കി പിടിച്ചിരിക്കുന്ന 13കാരൻ; നാല് അദ്ഭുത കുഞ്ഞുങ്ങൾ, രക്ഷാദൗത്യത്തിന്റെ വിജയം

0
403

കൊളംബിയയിൽ വിമാനം തകർന്ന് ആമസോൺ മഴക്കാട്ടിൽ കാണാതായ നാല് കുഞ്ഞുങ്ങളെയും ജീവനോടെ കണ്ടെത്തിയെന്ന ഏറെ ആശ്വാസകരമായ വാർത്ത അറിഞ്ഞാണ് ഇന്ന് ലോകം ഉണ‍ര്‍ന്നത്. അപകടം നടന്ന് നാൽപതാം ദിനമാണ് കൊളംബിയൻസൈന്യവും സന്നദ്ധ സംഘങ്ങളും നടത്തിയ തെരച്ചിൽ ലക്ഷ്യം കണ്ടത്. മൂത്തകുട്ടി ലെസ്‍ലിക്ക് പ്രായം 13, ഒമ്പത് വയസുള്ള സൊലെയ്നി, നാല് വയസുള്ള ടിയെൻ, കാണാതാകുമ്പോൾ 11 മാസം മാത്രം പ്രായമുണ്ടായിരുന്ന ക്രിസ്റ്റിൻ ഇവരാണ് ആ അദ്ഭുത കുഞ്ഞുങ്ങൾ.

ഒരു വയസുള്ള ക്രിസ്റ്റിനെ മാറോടടക്കി പിടിച്ചിരിക്കുന്ന മൂത്ത കുട്ടി ലെസ്‍ലിയുടെ ദൃശ്യം ആരുടെയും കരളലിയിപ്പിക്കും. ലെസ്‍ലിയുടെ ഈ കരുതലും കാടുമായുള്ള പഴക്കവുമാണ് നാല് പേരെയും 40 ദിവസം അതിജീവിക്കാൻ സഹായിച്ചത്. ഓപ്പറേഷൻ ഹോപ്പ് അഥവ പ്രതീക്ഷ എന്ന പേരിലാണ് മെയ് 16 ന് കുട്ടികൾക്കായി വ്യാപക തെരച്ചിൽ ആരംഭിക്കുന്നത്. സൈനികർക്കൊപ്പം ഗോത്ര വിഭാഗത്തിൽപ്പെട്ട സന്നദ്ധ സംഘങ്ങളും ഒത്തുചേർന്നു. കായ്കനികളും പഴങ്ങളും ഭക്ഷിച്ച് മഴയിൽനിന്ന് രക്ഷക്കായി താൽക്കാലിക ടെൻഡും നിർമിച്ച് വന്യമൃഗങ്ങളുടെ പിടിയിലാകാതെ അവർ നടന്നുകൊണ്ടേയിരുന്നു. അങ്ങനെ ഒടുവിൽ കുഞ്ഞുങ്ങളെ കണ്ടെത്തി. നന്നേ ക്ഷീണതരായ കുട്ടികൾക്ക് നിർജലീകരണവും ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ മാസം ഒന്നിനാണ് ആമസോൺ കാട്ടിൽ കുട്ടികൾ അകപ്പെട്ടുപോകുന്നത്. ആമസോൺ പ്രവിശ്യയിലെ അറാറക്വാറയിൽനിന്ന് സാൻ ജോസ് ഡെൽ ഗ്വാവേറിലേക്ക് പോയ സെസ്ന 206 എന്ന ചെറുവിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ തകർന്നുവീഴുകയായിരുന്നു. വിമാനത്തിന്റെ അവശിഷ്ം കണ്ടെത്തുന്നത് തന്നെ രണ്ടാഴ്ചക്ക് ശേഷം മെയ് 16 നാണ്. അമ്മ മഗ്ദലീനയുടെയും ഒരു ഗോത്ര വർഗ നേതാവിന്റെയും പൈലറ്റിന്റെയും മൃതദേഹങ്ങൾ

കണ്ടെത്തി. കുട്ടികളെ കാണാതായതോടെയാണ് രക്ഷാദൗത്യം രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. വിമാനം തകർന്നതും, അമ്മ നഷ്ടപ്പെട്ടതും മുതൽ നാൽപതു ദിവസം സഹായമില്ലാതെ കാട്ടിൽ കഴിയേണ്ടിവന്നതുൾപ്പെടെ തുടർച്ചയായി ഉണ്ടായ ആഘാതത്തിൽനിന്ന് ഇവരെ മുക്തരാക്കാൻ വേണ്ട മാനസിക പിന്തുണയും കുട്ടികൾക്ക് നൽകും.

അതിജീവനത്തിന്റെ പുതുചരിത്രമെഴുതി നാല് കൊളംബിയൻ കുട്ടികൾ- സംഭവിച്ചത്.

 

മെയ് 1

 

കൊളംബിയയിൽ ഏഴ് പേർ സഞ്ചരിച്ചിരുന്ന ചെറു വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം ആമസോൺ വനത്തിൽ തകർന്നുവീണു.

 

മെയ് 16

 

വ്യാപക തെരച്ചിലിനൊടുവിൽ വിമാന അവശിഷ്ടവും മൂന്ന് മൃതദേഹവും കണ്ടെത്തി. വിമാനത്തിന്റെ പൈലറ്റും, ഒരു ഗോത്ര വ‍ർഗ നേതാവും ഒരു സ്ത്രീയുമാണ് മരിച്ചത്. ഇവരുടെ 13, 9, 4, വയസും, 11 മാസവുമുള്ള നാല് കുട്ടികളെ കാണാതായെന്ന് വ്യക്തമായി.

 

മെയ് 16

 

അന്നുതന്നെ കൊളംബിയ കുട്ടികൾക്കായി വ്യാപക തെരച്ചിൽ തുടങ്ങുന്നു. 150 സൈനികരും ഡോഗ് സ്ക്വാഡും എത്തി. കുട്ടികൾ ജീവനോടെയുണ്ടെന്ന സൂചനകൾ ലഭിക്കുന്നു. മൂത്ത കുട്ടിക്ക് കാട്ടിൽ കഴിഞ്ഞ് ശീലമുണ്ടെന്ന അപ്പൂപ്പന്റെ വാക്കുകൾ പ്രതീക്ഷയാകുന്നു. ഗോത്രവിഭാഗത്തിൽപ്പെട്ട സംഘങ്ങളും  തെരച്ചലിന് ഒപ്പംചേരുന്നു

മെയ് 17

 

നാല് കുട്ടികളെയും കണ്ടെത്തിയതായി കൊളിംബിയൻ പ്രസിഡന്റിന്റെ ട്വീറ്റ്. അവർ ആരോഗ്യവാൻമാരായി ഇരിക്കുന്നുവെന്നായിരുന്നു ട്വീറ്റിലുണ്ടായിരുന്നത്.

 

മെയ് 18

 

ട്വീറ്റ് ഡിലീറ്റ് ചെയ്ത് പ്രസിഡന്റ് ഖേദം പ്രകടിപ്പിച്ചു. രാജ്യത്തെ ശിശു സംരക്ഷണ ഏജൻസി നൽകിയ വിവരമാണെന്നും പ്രസിഡന്റിന്റെ ഓഫീസിന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും വിശദീകരണം

 

ജൂൺ 10

 

നാല് സഹോദരങ്ങളെയും കണ്ടെത്തിയെന്ന് സ്ഥിരീകരണം

LEAVE A REPLY

Please enter your comment!
Please enter your name here