ബൈക്ക് മറിഞ്ഞ് കോളേജ് വിദ്യാര്‍ത്ഥിയുടെ മരണം; നാട് കണ്ണീരണിഞ്ഞു

0
216

കുമ്പള: ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി പലയിടത്തും സര്‍വീസ് റോഡിനോട് ചേര്‍ന്ന സ്ലാബ് പണി പൂര്‍ത്തീകരിക്കാത്തതും അശാസ്ത്രീയ നിര്‍മ്മിതിയും അപകടത്തിന് കാരണമാകുന്നു. കുമ്പളക്ക് സമീപം സ്ലാബിന് മുകളിലേക്ക് ബൈക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് പോളിടെക്‌നിക് വിദ്യാര്‍ത്ഥി മരിച്ചു. പെരിയ പോളിയിലെ മൂന്നാംവര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും ബെദ്രടുക്ക കിന്നിഗോളിയിലെ ഓട്ടോ ഡ്രൈവര്‍ സദാശിവ ഷെട്ടിയുടേയും ജയലക്ഷ്മിയുടേയും മകനുമായ ആകാശ് ഷെട്ടി (19) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ പെര്‍വാഡ് ദേശീയപാതയിലായിരുന്നു അപകടം.

ആനക്കല്ലിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ദേശീയപാതാ സര്‍വീസ് റോഡില്‍ കൂടി ബൈക്ക് ഓടിച്ചു വരുന്നതിനിടെ എതിര്‍ ദിശയില്‍ വന്ന വാഹനം ഇടിക്കാതിരിക്കാനായി ഓവുചാല്‍ സ്ലാബിന് മുകളിലേക്ക് ബൈക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ആകാശിനെ മംഗളൂരുവിലെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സഹോദരി: അഖില ഷെട്ടി.

ദേശീയപാത നവീകരണ പ്രവൃത്തിയുടെ ഭാഗമായി പലയിടത്തും സര്‍വ്വീസ് റോഡും സമീപത്തെ ഓവുചാലിന് സ്ലാബ് നിര്‍മ്മിച്ചതിലും ഉയര്‍ച്ച വ്യത്യാസമുണ്ട്. ഇത് അപകടത്തിന് കാരണമാകുന്നു. ഇരുചക്ര വാഹനങ്ങള്‍ സര്‍വ്വീസ് റോഡില്‍ നിന്ന് സ്ലാബിന് മുകളിലേക്ക് കയറ്റുമ്പോള്‍ നിയന്ത്രണം വിട്ട് മറിയുന്നത് തുടര്‍ക്കഥയായിരിക്കുകയാണ്. ഒരു മാസത്തിനിടെ പത്തോളം ഇരുചക്രവാഹനങ്ങള്‍ ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ട് പലര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here