കോഴിക്കോട്: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം രാജ്യതാല്‍പര്യത്തിനെതിരാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ്. ഏക സിവില്‍ കോഡ് പൗരസ്വാതന്ത്ര്യത്തിനെതിരായ കൈയേറ്റമാണെന്നും കേരള അമീര്‍ പി മുജീബുര്‍റഹ്‌മാന്‍ പറഞ്ഞു.
വിവിധ ജാതി, മത വിഭാഗങ്ങള്‍ ഒന്നിച്ചു പുലരുക എന്ന രാജ്യത്തിന്റെ അടിത്തറയെയാണ് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള തീരുമാനം വെല്ലുവിളിക്കുന്നതെന്നും വലിയ പ്രത്യാഘാതമാണ് ഏക സിവില്‍കോഡ് സമൂഹത്തില്‍ സൃഷ്ടിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഏതെങ്കിലും ഒരു വിഭാഗം മാത്രമാണ് ഏക സിവില്‍ കോഡിനെതിരെന്നും അവരെ മാത്രമാണ് അത് ബാധിക്കുകയെന്നതും സംഘ്പരിവാര്‍ നടത്തുന്ന തെറ്റായ പ്രചാരണമാണ്. മറ്റ് മത, ജാതി വിഭാഗങ്ങളെ ഏക സിവില്‍കോഡിന് അനുകൂലമാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ബഹുസ്വരതയും നാനാത്വവും സാംസ്‌കാരിക വൈവിധ്യവുമാണ് രാജ്യത്തിന്റെ കരുത്ത്. വ്യത്യസ്ത സിവില്‍ കോഡുകള്‍ നിലനില്‍ക്കുമ്പോഴാണ് പൂര്‍ണാര്‍ത്ഥത്തില്‍ പൗരസ്വാതന്ത്ര്യം സാധ്യമാവുക,’ പി മുജീബുര്‍റഹ്‌മാന്‍ വ്യക്തമാക്കി.
ഒരു രാജ്യത്തിന് എല്ലാം ഒന്ന് മതിയെന്നത് ഫാഷിസ്റ്റ് രീതിയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മുന്‍തൂക്കമുള്ള വിഭാഗത്തിന്റെ നിയമങ്ങള്‍ മറ്റെല്ലാവരുടെയും മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ജനാധിപത്യവിരുദ്ധമാണെന്നുംപി മുജീബുര്‍റഹ്‌മാന്‍ കൂട്ടിച്ചേർത്തു.