ഏക സിവിൽകോഡ്: നീക്കം ഊർജിതം; ശീതകാല സമ്മേളനത്തിലെങ്കിലും ബിൽ അവതരിപ്പിക്കാൻ ശ്രമം

0
211

ന്യൂഡൽഹി ∙ ഏക സിവിൽ കോഡ് (യുസിസി) നടപ്പാക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ഊർജിതമാക്കുന്നു. ലോ കമ്മിഷൻ റിപ്പോർട്ട് പ്രകാരമാണു നടപടിയെന്നാണ് നിയമമന്ത്രാലയ വൃത്തങ്ങൾ‍ സൂചിപ്പിക്കുന്നത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിലെങ്കിലും ബിൽ അവതരിപ്പിക്കാനാണു ശ്രമം. ബിജു ജനതാദളും പിന്തുണയ്ക്കുമെന്നതിനാൽ രാജ്യസഭയിലും ബിൽ പാസാകാനുള്ള വോട്ടിന്റെ പ്രശ്നമില്ലെന്നാണ് ബിജെപി കരുതുന്നത്.

യുസിസി ആവശ്യമുള്ളതോ അഭികാമ്യമോ അല്ലെന്നാണു കഴിഞ്ഞ നിയമ കമ്മിഷൻ നിലപാടെടുത്തത്. രാജ്യദ്രോഹ വ്യവസ്ഥകളുടെ കാര്യത്തിലും മോദി സർക്കാരിന്റെ താൽപര്യത്തോടു യോജിക്കുന്ന നിലപാടല്ലായിരുന്നു കമ്മിഷന്റേത്. പുതിയ കമ്മിഷൻ രാജ്യദ്രോഹ വ്യവസ്ഥകളുടെ കാര്യത്തിൽ സർക്കാരിന്റെ താൽപര്യത്തിനൊത്ത നിലപാടാണെടുത്തിരിക്കുന്നത്. യുസിസിയുടെ കാര്യത്തിലും അത്തരമൊരു സമീപനത്തിനുള്ള സാധ്യതയുണ്ട്.

കേന്ദ്രത്തിൽനിന്നുള്ള നടപടിക്കു കാത്തുനിൽക്കാതെ ഉത്തരാഖണ്ഡ്, ഗുജറാത്ത്, മധ്യപ്രദേശ്, അസം തുടങ്ങി ബിജെപി ഭരണത്തിലുള്ള പല സംസ്ഥാനങ്ങളും യുസിസിക്കായി നടപടികൾ തുടങ്ങിയിരുന്നു. സജീവമായി മുന്നോട്ടുപോകുന്നത് ഉത്തരാഖണ്ഡാണ്.

സുപ്രീം കോടതിയിൽനിന്നു വിരമിച്ച ജസ്റ്റിസ് രഞ്ജന പി.ദേശായിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ രൂപീകരിച്ച സമിതി പല തലങ്ങളിൽ ചർച്ച നടത്തുന്നുണ്ട്. നാളെ ഡൽഹിയിൽ‍ ഈ സമിതി ദേശീയ തലസ്ഥാന മേഖലയിൽ താമസിക്കുന്ന ഉത്തരാഖണ്ഡുകാരുമായി കൂടിക്കാണുന്നുണ്ട്.

പാർട്ടിയുടെ താൽപര്യപ്രകാരമാണ് ഉത്തരാഖണ്ഡ് സമിതി പ്രവർത്തനം ഊർജിതമാക്കുന്നതെന്നാണു ബിജെപി വൃത്തങ്ങൾ പറയുന്നത്. യുസിസി സംബന്ധിച്ച് നടപടികളുണ്ടായാൽ എന്തായിരിക്കും പ്രതികരണമെന്നതിന്റെ സൂചനകൾ അതിൽനിന്നു ലഭിക്കുമെന്നാണു പ്രതീക്ഷ. നിയമ കമ്മിഷനുമായി കഴിഞ്ഞ ദിവസം ഈ സമിതി ചർച്ച നടത്തിയിരുന്നു. യുസിസി വിഷയത്തിൽ നിയമ കമ്മിഷന്റെ ഭാഗത്തുനിന്നു നടപടികളുണ്ടാകുമെന്നാണ് ചർച്ചയ്ക്കുശേഷം ജസ്റ്റിസ് രജ്ഞന സൂചിപ്പിച്ചത്.

ബിജെപിയുടെ അജൻഡയിൽ നടപ്പാക്കപ്പെടാനുള്ള വിവാദ സ്വഭാവമുള്ള വിഷയങ്ങളിൽ ഇനി അവശേഷിക്കുന്നത് യുസിസിയാണ്. ഈ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു മുൻപ് യുസിസിക്കു നടപടികളെടുത്ത് കളം കൊഴുപ്പിക്കുമോ എന്നു വ്യക്തമല്ല.

ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സൃഷ്ടിക്കപ്പെടാവുന്ന പ്രതിഷേധം കണക്കിലെടുക്കുമ്പോൾ, ജി–20 ഉച്ചകോടി സെപ്റ്റംബർ രണ്ടാം വാരമുണ്ടെന്നതും പ്രസക്തമാണ്.

രാഷ്ട്രീയമായ പ്രതിഷേധവും ന്യൂനപക്ഷ സമുദായങ്ങളുടെ ആശങ്കയുമല്ല, പട്ടിക വർഗങ്ങൾ ഉന്നയിക്കാവുന്ന എതിർപ്പ് സർക്കാരും പാർട്ടിയും എങ്ങനെ നേരിടുമെന്നാണു കാണേണ്ടത്. പട്ടിക വർഗക്കാരുടെ ആശങ്കകൾ കണക്കിലെടുക്കേണ്ടതുണ്ടെന്ന് ആർഎസ്എസ് നേരത്തേ നിലപാടെടുത്തിട്ടുണ്ട്. യുസിസിക്കെതിരെ മിസോറം നിയമസഭ ഏതാനും മാസം മുൻപ് പ്രമേയം പാസാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here