ലിസ്ബണ്‍: ഫുട്‌ബോളില്‍ പകരം വയ്ക്കാവാത്ത ഇതിഹാസമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അടിച്ചുകൂട്ടിയ ഗോളുകളും റെക്കോര്‍ഡുകളും പുരസ്‌കാരങ്ങളും റൊണാള്‍ഡോയെ ഇതിഹാസമാക്കുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് സൗദി ക്ലബ് അല്‍ നസ്‌റിലെത്തിയ റൊണാള്‍ഡോ ഇപ്പോഴും പോര്‍ച്ചുഗള്‍ ദേശീയ ടീമിലെ അംഗമാണ്. അന്താരാഷ്ട്ര ഫുട്‌ബോള്‍ ചരിത്രത്തില്‍ റൊണാള്‍ഡോയെക്കാള്‍ ഗോള്‍ നേടിയൊരു താരമില്ല.
മുപ്പത്തിയേഴാം വയസ്സിലെത്തിയ റൊണാള്‍ഡോ ഫുട്‌ബോള്‍ കരിയറിന്റെ അവസാന പടവുകളിലാണ്. ബൂട്ടഴിച്ചാല്‍ റൊണാള്‍ഡോ എന്തു ചെയ്യും. പരിശീലകനാവുമോ. അതോ, ഫുട്‌ബോള്‍ പണ്ഡിറ്റാവുമോ. ആരാധകരുടെ ആകാംക്ഷ നിറഞ്ഞ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ആദ്യമായി മറുപടി നല്‍കിയിരിക്കുകയാണ് റൊണാള്‍ഡോ. ഇതിഹാസതാരം തന്നെ ഇതിന് മറുപടി നല്‍കുന്നു. ബിസിനസില്‍ സജീവമാകുമെന്നും ഫുട്‌ബോളുമായി ബന്ധപ്പെട്ടും ലക്ഷ്യമുണ്ടെന്ന് റോണോ പറയുന്നു.
അടുത്തിടെ യൂറോപ്പിലേക്ക് തിരിച്ചുപോകുമെന്നുള്ള വാര്‍ത്തകള്‍ ക്രിസ്റ്റിയാനോ തള്ളിയിരുന്നു. ”ഞാനിവിടെ തികച്ചും സന്തോഷവനാണ്. ഇവിടെ തുടരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇവിടെ തുടരുകയും ചെയ്യും. എന്റെ കുടുബത്തിനും ഇവിടെ തുടരുന്നതില്‍ സന്തോഷമേയുള്ളു.” ക്രിസ്റ്റിയാനോ വ്യക്തമാക്കി. ഫുട്‌ബോള്‍ ലോകകപ്പിന് പിന്നാലെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ റദ്ദാക്കി റൊണാള്‍ഡോ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകക്ക് അല്‍ നസ്‌റിലെത്തിയത്.
ക്രിസ്റ്റിയാനോയുടെ വാക്കുകള്‍… ”രണ്ടോ മൂന്നോ വര്‍ഷം കൂടി ഫുട്‌ബോളില്‍ തുടരും. വിരമിച്ചാലും വെറുതെയിരിക്കില്ല. ഒരുപാട് പദ്ധതികള്‍ തയ്യാറാക്കിക്കഴിഞ്ഞു. പലമേഖലകളിലായി വ്യാപരിച്ച് കിടക്കുന്ന ബിസിനസ് സംരംഭങ്ങള്‍ നോക്കി നടത്തണം. ബിസിനസ് മാത്രമല്ല ഫുട്‌ബോളുമായി ബന്ധപ്പെട്ട് വ്യത്യസ്തമായൊരു പദ്ധതിയും മനസ്സിലുണ്ട്. ഇതെന്താണെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല.” പോര്‍ച്ചുഗീസ് വെറ്ററന്‍ സ്‌ട്രൈക്കര്‍ പറഞ്ഞു. സി ആര്‍ സെവന്‍ എന്ന ബ്രാന്‍ഡില്‍ റൊണാള്‍ഡോ വിവിധ ലൈഫ് സ്‌റ്റൈല്‍ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ ഇറക്കുന്നുണ്ട്. പെസ്റ്റാന ഗ്രൂപ്പിനൊപ്പം ഹോട്ടല്‍ വ്യവസായ മേഖലയിലും അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മാണ മേഖലയിലും റൊണാള്‍ഡോയ്ക്ക് പങ്കാളിത്തമുണ്ട്.