തൃശൂർ സ്വദേശി ബാങ്കിൽ നിന്നെടുത്ത 50 ലക്ഷത്തിൽ 10 ലക്ഷം വീണുപോയി; കിട്ടിയവർ കൈക്കലാക്കി, പിന്നെ ട്വിസ്റ്റ്!

0
258

തൃശൂര്‍: ബാങ്കില്‍നിന്ന് 50 ലക്ഷമെടുത്ത് പോകുന്നതിനിടെ 10ലക്ഷം വഴിയില്‍ വീണു. പണം കിട്ടിയവര്‍ അത് കൈക്കലാക്കിയെങ്കിലും അന്വേഷണത്തിനൊടുവില്‍ പൊലീസ് കണ്ടെത്തി ഉടമസ്ഥനെ തിരിച്ചേൽപ്പിച്ചു. കുന്നംകുളം പെരുമ്പിലാവ് കല്ലുംപുറം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്നും 50 ലക്ഷം രൂപയെടുത്ത് പെരുമ്പിലാവിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലേക്ക് കൊണ്ടു വരുന്നതിനിടെയാണ് ബാഗില്‍നിന്ന് 10 ലക്ഷം നഷ്ടപ്പെട്ടത്. ജൂണ്‍ ഒന്നിനായിരുന്നു സംഭവം. പെരുമ്പിലാവിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരായ ആദിത്യന്‍, ജിതിന്‍ എന്നിവര്‍ ഉച്ചയ്ക്ക് 2.15ന് കല്ലുംപുറത്തെ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്നും 50 ലക്ഷം രൂപയുമായി പെരുമ്പിലാവിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ഏല്‍പ്പിക്കാനായി എത്തിയെങ്കിലും 40 ലക്ഷം രൂപയാണ് ബാഗില്‍ ഉണ്ടായിരുന്നത്.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 10 ലക്ഷം രൂപ നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് ഇരുവരും കുന്നംകുളം പൊലീസില്‍ പരാതി നല്‍കി. ഒരാഴ്ചയോളം കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവാക്കള്‍ സഞ്ചരിച്ച റോഡരികിലെ സിസിടിവി കാമറകള്‍ ഉള്‍പ്പെടെയുള്ളവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവാക്കളുടെ ബാഗില്‍നിന്നും പണത്തിന്റെ കെട്ട് റോഡില്‍ വീണു പോകുകയും പുറകിലെ ബുള്ളറ്റില്‍ വരികയായിരുന്ന രണ്ടുപേര്‍ ഈ പണം കൈക്കലാക്കുകയും ചെയ്തതായി കണ്ടെത്തി.

തുടര്‍ന്ന് വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് ബുള്ളറ്റ് ബൈക്ക് പോയ തിപ്പിലശേരി റോഡരികിലെ സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ റോഡില്‍ വീണ പണം കൈക്കലാക്കിയ ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇരുവരും കുറച്ച് പണം ചെലവഴിച്ചിരുന്നു. ബാക്കി പണം ഇവരുടെ വീട്ടില്‍നിന്നും കണ്ടെടുത്തു. സബ് ഇന്‍സ്‌പെക്ടര്‍ ഷിജു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷനില്‍, സുജിത്ത്, ശ്രീജേഷ്, കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇരുവരെയും കണ്ടെത്തി പണം കണ്ടെടുത്തത്.

 

LEAVE A REPLY

Please enter your comment!
Please enter your name here