കൊച്ചി: സിനിമയിലെ ഗാനരംഗത്തില്‍ ബീഫ് പ്രത്യക്ഷപ്പെട്ടതിന്റെ പേരില്‍ മോഹന്‍ലാലിനും മകന്‍ പ്രണവിനും സംവിധായകന്‍ വിനീത് ശ്രീനിവാസനുമെതിരേ സൈബര്‍ ആക്രമണം. ഹൃദയം എന്ന സിനിമയിലെ ഒരു പാട്ടുസീനില്‍ ബീഫ് കഴിക്കുന്ന രംഗമാണ് സിനിമയിറങ്ങി വര്‍ഷം ഒന്നു കഴിഞ്ഞിട്ടും ചിലരെ ചൊടിപ്പിക്കുന്നത്. 2022 ജനുവരി ആദ്യം പുറത്തിറങ്ങിയ സിനിമക്കെതിരേയാണ് 2023 ജൂണില്‍ ട്വിറ്ററില്‍ വെറുപ്പിന്റെ കുറിപ്പുകള്‍ നിറയുന്നത്. കേരള വിരുദ്ധതയും മുസ്‌ലിം വിരുദ്ധതയും നിറഞ്ഞ കമന്റുകളില്‍ നിരവധി മോശമായ പരാമര്‍ശങ്ങളുണ്ട്.
വാഴയിലയില്‍ ബീഫ് കഴിക്കുന്ന രംഗം തങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ലാലിനും മകനും സംവിധായകനുമെതിരെ രംഗത്തുവന്നിരിക്കുന്നത്. പശ്ചാത്തലത്തില്‍ നഗുമോമു ഗനലേനി എന്ന ത്യാഗരാജ കീര്‍ത്തനമുള്ളതും പ്രകോപനപരമാണെന്നാണ് ആരോപണം. യൂടൂബില്‍ 17മില്യണ്‍ ആളുകള്‍ കണ്ട ഗാനം ചിട്ടപ്പെടുത്തിയത് ഹിഷാം അബ്ദുള്‍ വഹാബ് ആണ്. അതും ഒരു കാരണമാണോ എന്നറിയില്ല.
സ്വാതി ബെല്ലം എന്ന ദന്തഡോക്ടറാണ് ഹിന്ദു സംസ്‌കാരത്തെ നശിപ്പിക്കാന്‍ മോളിവുഡിന് ആരാണ് അധികാരം നല്‍കിയതെന്ന ചോദ്യവുമായി ട്വിറ്ററിലെത്തിയത്. പിന്നാലെ നിരവധി പേര്‍ മലയാളികളുടെ ബീഫ് താല്‍പര്യത്തെ ചോദ്യം ചെയ്തു. തെലുഗു കീര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ ബീഫ് വിളമ്പുമ്പോഴുള്ള നായികയുടെ വികാരവും ഇവരെ അസ്വസ്ഥരാക്കി.
ഈ രംഗത്ത് ഒരു രാമ സങ്കീര്‍ത്തനത്തിന്റെ പശ്ചാത്തല സംഗീതം നല്‍കേണ്ട ആവശ്യം എന്താണെന്നും അവര്‍ ചോദിക്കുന്നു. ബീഫ് പിഞ്ഞാണത്തില്‍ വിളമ്പാതെ ഹിന്ദുക്കള്‍ പാവനമായി കരുതുന്ന വാഴയില്‍ വിളമ്പിയത് പ്രകോപനമുണ്ടാക്കാനുള്ള സംവിധാകന്റെ ശ്രമമാണ് എന്നാണ് ഒരു കമന്റ്. ത്യാഗരാജ ബ്രാഹ്മണനാണെന്നും ഇത്തരം രംഗങ്ങളില്‍ അറബ് സംഗീതമാണ് വേണ്ടതെന്നും ട്വീറ്റില്‍ പറയുന്നു.
ഇതുവരെ മൂവായിരത്തോളം പേര്‍ റിട്വീറ്റ് ചെയ്ത ഈ സന്ദേശത്തില്‍ വരുന്ന കമന്റുകളില്‍ ഭൂരിഭാഗവും കേരളത്തിനെതിരാണ്.