ദുബായ്: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ വേദി പ്രഖ്യാപിച്ചു. ഏറെ ചര്‍ച്ചകള്‍ക്കും ആകാംക്ഷകള്‍ക്കുമൊടുവില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഹൈബ്രിഡ് മോഡല്‍ അംഗീകരിച്ചതോടെ പാകിസ്ഥാനിലും ശ്രീലങ്കയിലുമായാണ് മത്സരങ്ങള്‍ നടക്കുക. നീണ്ട പതിനഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പാകിസ്ഥാനിലേക്ക് ഏഷ്യാ കപ്പ് മത്സരങ്ങള്‍ തിരിച്ചെത്തുന്നത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഹൈബ്രിഡ് മോഡല്‍ മുന്നോട്ടുവെച്ചത്.
ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. ആറ് ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ടൂര്‍ണമെന്‍റ് രണ്ട് ഗ്രൂപ്പുകളായാണ് നടക്കുക. ഇരു ഗ്രൂപ്പിലും കൂടുതല്‍ പോയിന്‍റ് നേടുന്ന രണ്ട് ടീമുകള്‍ സൂപ്പര്‍ ഫോറിലെത്തും. ഇവരില്‍ നിന്ന് മികച്ച രണ്ട് ടീമുകള്‍ വീതം ഫൈനലില്‍ എത്തുന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ടൂര്‍ണമെന്‍റിലെ നാല് മത്സരങ്ങൾ പാകിസ്ഥാനിലും ഒന്‍പത് മത്സരങ്ങൾ ശ്രീലങ്കയിലും നടക്കും. ഇന്ത്യയുടെ മത്സരങ്ങൾക്ക് ലങ്കയാവും വേദിയാവുക.
ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ നേരത്തെ അനുവദിച്ചുവെങ്കിലും ബിസിസിഐ- പിസിബി തർക്കം കാരണം ആണ് പ്രഖ്യാപനം വൈകിയത്. സുരക്ഷാ കാരണങ്ങളാല്‍ പാകിസ്ഥാനില്‍ കളിക്കാനാവില്ലെന്ന് ബിസിസിഐ നിലപാട് സ്വീകരിക്കുകയായിരുന്നു.
ഏഷ്യാ കപ്പ് ക്രിക്കറ്റിനായി പാക്കിസ്ഥാനിലേക്ക് ഇല്ലെന്ന് ബിസിസിഐ നിലപാടെടുത്തതോടെ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം നിഷ്‌പക്ഷ വേദിയില്‍ നടത്തുന്ന ഹൈബ്രിഡ് മോഡല്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ഇത് ആദ്യം തള്ളിയ ബിസിസിഐ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്‍വാങ്ങുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഒത്തുതീര്‍പ്പെന്ന നിലയില്‍ ഹൈബ്രിഡ് മോഡലിന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ തത്വത്തില്‍ സമ്മതിച്ചതോടെയാണ് പ്രശ്‌നപരിഹാരമായത്.