കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ പ്രവാസികള്‍ക്കായി 151 കോടി രൂപ ചിലവഴിച്ചു; കേരള സഭയില്‍ മുഖ്യമന്ത്രി

0
170

ന്യൂയോര്‍ക്ക്: പ്രവാസികള്‍ക്കായി കേരള സര്‍ക്കാര്‍ വിപുലമായ പദ്ധതികളാണ് നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരികെയെത്തിയ പ്രവാസികള്‍ക്കുള്ള പ്രധാന പുനരധിവാസ പദ്ധതിയായ എന്‍ഡിപ്രേം വഴി 6,600 ല്‍ അധികം സംരംഭങ്ങള്‍ ഇതിനോടകം വിജയകരമായി ആരംഭിച്ചു. ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിലവിലുള്ള പുനരധിവാസ പദ്ധതികള്‍ക്കു പുറമെ കൊവിഡ് സമയത്ത് തൊഴില്‍ നഷ്ടപ്പെട്ടു തിരികെയെത്തിയ പ്രവാസികള്‍ക്കായി ‘പ്രവാസി ഭദ്രത’ എന്ന പുനരധിവാസ പദ്ധതി ആരംഭിച്ചു. അതിന്റെ ഭാഗമായി കുടുംബശ്രീ വഴിയും ബാങ്കുകള്‍ വഴിയും സബ്‌സിഡി വായ്പകള്‍ നല്‍കി. കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് 14,166 സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്കൊണ്ട് പ്രവാസി വകുപ്പിനുള്ള ബജറ്റ് വിഹിതത്തില്‍ അഞ്ചിരട്ടി വര്‍ദ്ധനയാണ് സംസ്ഥാന സര്‍ക്കാര്‍ വരുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പുനരധിവാസ പദ്ധതികള്‍ പോലെ പ്രാധാന്യമര്‍ഹിക്കുന്നവയാണ് നോര്‍ക്കയുടെ സമാശ്വാസ പദ്ധതികള്‍. ശാരീരികവും സാമ്പത്തികവുമായ അവശതകള്‍ നേരിടുന്ന, തിരികെയെത്തിയ 24,600 ല്‍പ്പരം പ്രവാസികള്‍ക്കായി കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ 151 കോടി രൂപയാണ് ചിലവഴിച്ചത്.മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും ഇതര ക്ഷേമ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുന്നതുപോലെ പ്രാധാന്യമുള്ളതാണ് സുരക്ഷിത കുടിയേറ്റം ഉറപ്പുവരുത്താന്‍ നടത്തുന്ന ഇടപെടലുകള്‍. നോര്‍ക്ക റൂട്ട്‌സിന്റെ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന റിക്രൂട്ട്‌മെന്റ് വിഭാഗം നിയമപരവും സുതാര്യവും സുരക്ഷിതവുമായ മാര്‍ഗ്ഗങ്ങളിലൂടെ വിദേശത്തേക്ക് കുടിയേറ്റം നടത്താന്‍ ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്നുണ്ട്. പരമ്പരാഗത ലക്ഷ്യസ്ഥാനങ്ങളായ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമാറി യൂറോപ്പില്‍ ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്താന്‍ നോര്‍ക്ക റൂട്ട്‌സിനു സാധിക്കുന്നുണ്ട്.

അന്തര്‍ദേശീയ തലത്തില്‍ വളര്‍ന്നുവരുന്ന വിദേശ തൊഴില്‍ മേഖലകളും അവയിലെ കുടിയേറ്റത്തിന്റെ സാധ്യതകളും തിരിച്ചറിയുന്ന പഠനം നടത്തുന്നതിനുള്ള നടപടികള്‍ കോഴിക്കോട് ഐ ഐ എമ്മുമായി സഹകരിച്ച് കൈക്കൊണ്ടിട്ടുണ്ട്. പ്രവാസികളുമായി ബന്ധപ്പെട്ട കൃത്യമായ നയരൂപീകരണത്തിന് ആധികാരികമായ ഡേറ്റ ആവശ്യമാണ്. അത്തരത്തില്‍ വിശ്വസനീയമായ ഡേറ്റ ലഭ്യമാക്കുന്നതിനായി ഈ വര്‍ഷം തന്നെ കേരള മൈഗ്രേഷന്‍ സര്‍വേയുടെ പുതിയ റൗണ്ട് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പ്രവാസികള്‍ക്കുവേണ്ട വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ ഇതുപകരിക്കും.

ഇതിനൊക്കെ പുറമെ ആരോഗ്യം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, അക്കൗണ്ടിംഗ് മേഖലകളില്‍ ഫിന്‍ലന്‍ഡിലേക്കും തിരെഞ്ഞെടുത്ത 14 തൊഴില്‍ മേഖലകളില്‍ ജപ്പാനിലേക്കും കേരളത്തില്‍ നിന്ന് റിക്രൂട്ട്‌മെന്റ് നടത്താനുള്ള സാധ്യതകള്‍ സജീവമായി പരിശോധിച്ചു വരികയാണ്.ഇത്തരം റിക്രൂട്ട്‌മെന്റ് പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനായി 2023 മാര്‍ച്ചില്‍ വിവിധ വിദേശ ഭാഷകളില്‍ പരിശീലനം നല്‍കുന്ന നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ബി പി എല്‍ വിഭാഗത്തിനും എസ് സി, എസ് ടി വിഭാഗങ്ങള്‍ക്കും പഠനം സൗജന്യമായിരിക്കും. പൊതുവിഭാഗത്തിലുള്ളവര്‍ക്ക് 75 ശതമാനം ഫീസ് ഇളവില്‍ പരിശീലനം സാധ്യമാകും. തൊഴില്‍ദാതാക്കള്‍ക്ക് മികച്ച ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താനും റിക്രൂട്ട് ചെയ്യാനും കഴിയുന്ന ഒരു മൈഗ്രേഷന്‍ ഫെസിലിറ്റേഷന്‍ കേന്ദ്രമായി ഈ പഠന കേന്ദ്രത്തെ പരിവര്‍ത്തിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here