‘സിപിഎം- എസ്എഫ്ഐ സംഘങ്ങളുടെ കൂടി ഉല്‍പ്പന്നമാണ് ‘തൊപ്പി’യെ പോലുള്ള സാമൂഹ്യ വിരുദ്ധർ’; ഹരിത നേതാവ്

0
279

മലപ്പുറം: സദാചാര- ധാര്‍മിക സംസ്കാരങ്ങളെ നിരന്തരം കടന്നാക്രമിക്കുന്ന സിപിഎം- എസ്എഫ്ഐ സംഘങ്ങളുടെ കൂടി ഉല്‍പ്പന്നങ്ങളാണ് തൊപ്പിയെ പോലുള്ള സാമൂഹികവിരുദ്ധരെന്ന് എംഎസ്എഫ്- ഹരിത നേതാവ് അഡ്വ. കെ. തൊഹാനി. എസ്എഫ്ഐയും കൂടി ചേര്‍ന്ന് നിര്‍മിച്ച ഇക്കോ സിസ്റ്റത്തിലാണ് ‘തൊപ്പി’യെ പോലുള്ളവര്‍ക്ക് കേട്ടാലറയ്ക്കുന്ന അശ്ലീലം പറയാനും ലക്ഷക്കണക്കിന് കുട്ടികളെ വായില്‍ തോന്നുന്നത് പറയിപ്പിക്കാനും കഴിയുന്നതെന്നും തൊഹാനി ഫേസ്ബുക്കിൽ കുറിച്ചു.

തൊപ്പിയെ വിമര്‍ശിക്കുന്നവരെ ലിബറല്‍ സംഘങ്ങള്‍ നേരിടുന്നത് അശ്ലീലം എന്നതിന്റെ മാനദണ്ഡം ഏതാണെന്ന് ചോദിച്ചാണ്. ഈ ചോദ്യം വേറെ ചില സ്ഥലങ്ങളിലും നമ്മള്‍ കേട്ടിട്ടുണ്ട്. അത് കേരളത്തിലെ കാംപസുകളില്‍ എസ്എഫ്ഐ ചോദിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്.

ലൈംഗിക വൈകൃതങ്ങളുള്ള ചിത്രങ്ങളുള്ള ബോഡുകളും അശ്ലീല ഭാഷണങ്ങള്‍ എഴുതിയ പോസ്റ്ററുകളും കാംപസുകളില്‍ സ്ഥാപിച്ചത് എസ്എഫ്ഐ അല്ലേയെന്നും തൊഹാനി ചോദിച്ചു. നിങ്ങളാരാണ് സദാചാരം തീരുമാനിക്കാന്‍, നിങ്ങളാരാണ് അശ്ലീലം തീരുമാനിക്കാന്‍ എന്നതായിരുന്നു എസ്എഫ്ഐക്കാരുടെ ചോദ്യം. അതേ ചോദ്യമാണ് ഇപ്പോള്‍ തൊപ്പിയും ‘തൊപ്പി’യുടെ സംരക്ഷകരും ചോദിക്കുന്നത്- തൊഹാനി വിശദമാക്കി.

പൊതുവേദിയില്‍ അശ്ലീല പദപ്രയോഗം നടത്തിയെന്ന കേസിൽ ഗെയിമറും യൂട്യൂബറുമായ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ പോസ്റ്റ് ചെയ്യുന്ന വീഡിയോകളിൽ സ്ത്രീകൾക്കെതിരെ നിരന്തരം അധിക്ഷേപങ്ങളും അശ്ലീല പ്രയോഗങ്ങളും ഉണ്ടാകാറുണ്ടെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇന്നലെ അർധരാത്രിയാണ് കൊച്ചിയിലെത്തി പൊലീസ് തൊപ്പിയെ കസ്റ്റഡിയിലെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here