ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു, 10 സംസ്ഥാനങ്ങൾക്ക് 4 ദിവസത്തേക്ക് ജാഗ്രതാ നിർദേശം

0
175

ദില്ലി : ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്ത് സംസ്ഥാനങ്ങൾക്ക് നാല് ദിവസത്തേക്ക് ജാഗ്രതാ നിർദേശം നൽകി. ഛത്തീസ്ഘട്ട്, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന,കോസ്റ്റൽ ആന്ധ്ര, ബിഹാർ, പശ്ചിമ ബംഗാൾ, കിഴക്കൻ മധ്യപ്രദേശ്, കിഴക്കൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് ജാഗ്രത നിർദ്ദേശം. ആശുപത്രികൾ പൂർണ്ണ സജ്ജമാക്കണമെന്ന് നിർദ്ദേശിച്ച കാലാവസ്ഥാ വിഭാഗം, നിർമ്മാണ ജോലി ചെയ്യുന്ന തൊഴിലാളികളടക്കം കരുതലെടുക്കണമെന്നും ആവശ്യപ്പെട്ടു. ഉത്തർ പ്രദേശിലും ബിഹാറിലുമായി കഴിഞ്ഞ ദിവസങ്ങളിൽ 98 ലേറെ പേരാണ് ഉഷ്ണ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മരിച്ചത്. യുപിയിൽ ജൂൺ 15 ന് മാത്രം 23 പേരും ജൂൺ 16 ന് 20 പേരും ഇന്നലെ 11 പേരും മരിച്ചുവീണു. വിവിധ ആശുപത്രികളിലായി 400 പേർ ചികിത്സയിലുണ്ട്. പനി, ശ്വാസതടസം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ലക്ഷണങ്ങളുമായാണ് ആളുകളെ പ്രവേശിപ്പിച്ചിരിക്കുന്നത്.

എന്താണ് ഉഷ്ണ തരംഗങ്ങൾ?

ഏതെങ്കിലും ഒരിടത്തെ താപനില മൂന്നു ദിവസത്തേക്ക് തുടർച്ചയായി അതിന്റെ ത്രെഷോൾഡ് പരിധിക്ക് മുകളിൽ തുടർന്നാൽ, ആ പ്രദേശം ഉഷ്ണ തരംഗ ഭീഷണിയിൽ ആണെന്ന് പറയാം. ഈ ത്രെഷോൾഡ് പരിധികൾ അതാത് പ്രദേശങ്ങളിൽ കഴിഞ്ഞ കുറെ കാലമായി ഉള്ള ശരാശരി താപനിലയെ ആശ്രയിച്ചു വ്യത്യാസപ്പെട്ടിരിക്കും. ത്രെഷോൾഡിൽ നിന്ന് 4.5 ഡിഗ്രി സെൽഷ്യസ് ചൂട് കൂടിയാൽ ഉഷ്‌ണതരംഗമാണെന്ന് പറയാം. വർദ്ധനവ് 6.3 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണെങ്കിൽ അത് അതി തീവ്ര ഉഷ്ണ തരംഗമായി കണക്കാക്കപ്പെടും. ഒരു സ്ഥലത്തെ പരമാവധി താപനില 45 ഡിഗ്രിക്ക് മുകളിൽ പോയാലും കാലാവസ്ഥാവിഭാഗം അവിടെ ഉഷ്ണ തരംഗ മുന്നറിയിപ്പ് പുറപ്പെടുവിക്കും.

ഉഷ്‌ണതരംഗങ്ങൾ ഉണ്ടാവുന്നത് എങ്ങനെ ?

സാധാരണയായി വേനൽകാല സീസണിൽ അതി മർദ്ദ മേഖല രൂപപ്പെടുമ്പോൾ ആകാശത്തെ മേഘങ്ങൾ ഒഴിഞ്ഞ് സൂര്യന്റെ കിരണങ്ങൾ നേരിട്ട് ഭൂമിയിൽ എത്തുമ്പോഴാണ് ഇങ്ങനെ താപനില പരിധി വിട്ടു കൂടുന്നത്. കാലവർഷത്തിനിടെ ഉണ്ടാവുന്ന എൽ നിനോ പ്രതിഭാസവും ഉപഭൂഖണ്ഡത്തിലെ താപനില വർധിക്കാൻ മറ്റൊരു കാരണമാണ്. ഇന്ത്യയിൽ പലയിടത്തും ഇപ്പോൾ തന്നെ താപനില നാല്പത് ഡിഗ്രിക്ക് മുകളിലാണ്. ഉത്തരേന്ത്യയിൽ ഉത്തർപ്രദേശ്, ബീഹാർ, സിക്കിം, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡിഷ ഈ സംസ്ഥാനങ്ങളിൽ ഇതിനകം തന്നെ ഐഎംഡി ഉഷ്‌ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു കഴിഞ്ഞു. യുപിയിലെ ഝാൻസിയിൽ ഇക്കൊല്ലത്തെ പരമാവധി താപനിലയായ 46.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.

നമ്മളെ എങ്ങനെയാണ് ബാധിക്കുന്നത്?

ഉഷ്ണതരംഗമുണ്ടാവുമ്പോൾ വെയിലത്തിറങ്ങുന്നവർക്ക് സൂര്യാഘാതം അഥവാ സൺ സ്ട്രോക്ക് ഏൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉഷ്‌ണതരംഗമുണ്ടായി താപനില ഏറി നിൽക്കുന്ന പ്രദേശങ്ങയിൽ ഹ്യൂമിഡിറ്റി അഥവാ അന്തരീക്ഷത്തിലെ ഈർപ്പം കൂടുതലാണ് എങ്കിൽ, അത് നമ്മുടെ ശരീരത്തിന്റെ താപനിലാ നിയന്ത്രണ സംവിധാനത്തിന്റെ ഫലസിദ്ധി കുറച്ച് ഉഷ്ണത്തിന്റെ ആഘാതം വർധിപ്പിക്കും. ഏപ്രിൽ പതിനാറിന് മഹാരാഷ്ട്രയിൽ ഒരു സർക്കാർ പരിപാടിക്ക് വെയിലത്ത് നില്ക്കാൻ നിർബന്ധിതരായ നാട്ടുകാരിൽ പതിനൊന്നു പേരാണ് സൂര്യാഘാതമേറ്റ് മരിച്ചു വീണത്. 1992 മുതൽക്ക് ഇങ്ങോട്ട് ഇന്ത്യയിൽ ഉഷ്‌ണതരംഗങ്ങൾ കവർന്നിട്ടുള്ളത് ഇരുപത്തി നാലായിരത്തോളം പേരുടെ ജീവനാണ്.

എന്നാൽ പുറത്തിറങ്ങാതെ ഇതിൽ നിന്ന് രക്ഷപ്പെട്ടുകളയാം എന്നുവെച്ചാൽ, എല്ലാവർക്കും അതിന് സാധിച്ചെന്നു വരില്ല. കാരണം, ഇന്ത്യയിലെ തൊഴിലാളികളിൽ പകുതിയോളം പേർ പുറംപണി എടുക്കുന്നവരാണ്. അതായത് ഏതാണ്ട് 23 കോടിയിൽ അധികം പേർ പണിയെടുക്കുന്നത് സ്വന്തം ജീവൻ പണയപ്പെടുത്തി നാട്ടപ്പൊരിവെയിലത്താണ്. ഉഷ്ണ തരംഗഭീഷണി ശക്തമാവുന്നതോടെ ഈ പുറം പണിയിൽ 15 ശതമാനം ഇടിവുണ്ടാവും എന്നാണ് കണക്ക്. അത് നേർക്ക് നേർ ബാധിക്കുക നാല്പത്തെട്ട്‍ കോടിയോളം പേരുടെ വയറ്റിപ്പിഴപ്പിനെയാണ്. ചൂടുകാരണം 2050 ആവുമ്പോഴേക്കും ഇന്ത്യയുടെ ജിഡിപിയിൽ 2.8 ശതമാനത്തിന്റെ ഇടിവുണ്ടാവും എന്നുവരെ പ്രവചനങ്ങളുണ്ട്. ഉഷ്ണ തരംഗത്തെ ഒരു പ്രകൃതി ദുരന്തമായി കണ്ടുകൊണ്ട് അടിയന്തരമായ തയ്യാറെടുപ്പുകൾ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല എങ്കിൽ അതുണ്ടാക്കുന്ന ആഘാതം ഒരു പക്ഷേ, നമുക്ക് സങ്കല്പിക്കാവുന്നതിലും അപ്പുറത്താവാം.

LEAVE A REPLY

Please enter your comment!
Please enter your name here