അർജന്റീന ടീം ഇന്ത്യയിൽ എത്തുമോ? കേരളത്തിന്റെ നിർണായ നീക്കത്തിൽ പ്രതികരിച്ച് എ ഐ എഫ് എഫ്

0
171

തിരുവനന്തപുരം: അർജന്റീന ഫുട്ബാൾ ടീമിന് വേദിയൊരുക്കാമെന്ന കേരളത്തിന്റെ താൽപര്യം പരിഗണിക്കാമെന്ന് ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ ഐ എഫ് എഫ്). കേരള ഫുട്‌ബാൾ അസോസിയേഷൻ വഴി സമീപിച്ചാൽ ആവശ്യം പരിഗണിക്കാമെന്ന് എ ഐ എഫ് എഫ് ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. അർജന്റീനയുമായി മത്സരിക്കാനുള്ള അവസരം ഇന്ത്യ നഷ്ടമാക്കിയെന്ന വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം .

ഇന്ത്യൻ ടീമുമായി കളിക്കാൻ അർജന്റീനയ്ക്ക് പദ്ധതിയുണ്ടായിരുന്നില്ല. ഇന്ത്യയിൽ വച്ച് മറ്റേതെങ്കിലും ടീമുമായി മത്സരിക്കാനായിരുന്നു അർജന്റീനയുടെ താൽപര്യം. ഇതുസംബന്ധിച്ച് ഔദ്യോഗിക ചർച്ചകളൊന്നും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌പോൺർഷിപ്പിന് വേണ്ടിവരുമായിരുന്ന 40 കോടിയെപ്പറ്റി ചർച്ച നടന്നില്ല. കേരളത്തിൽ മത്സരം നടത്താമെന്ന ആലോചന വന്നാൽ അത് സംസാരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിൽ കളിക്കാൻ അർജന്റീന ടീം താൽപര്യപ്പെട്ടുവെന്നും സ്പോൺസർഷിപ്പ് തുകയായി ചോദിച്ച 40കോടി ഇല്ലാത്തതിനാൽ ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ക്ഷണം ഉപക്ഷിച്ചുവെന്നു റിപ്പോർട്ട് വന്നിരുന്നു. തുടർന്ന് സോഷ്യൽ മീഡിയകളിൽ കായിക പ്രേമികൾ എ ഐ എഫ് എഫിനെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു.

അർജന്റീനാ ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്ത് കൊണ്ട് കായിക മന്ത്രി വി അബ്ദുറഹ്മാൻ അർജന്റീന ഫുട്‌ബാൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയച്ചതായി മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചിരുന്നു. അർജന്റീനയെ കേരളം എന്നും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുമെന്നും മത്സരം നടത്താൻ തയ്യാറാകുമെന്നും മന്ത്രി കുറിപ്പിൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here