ബോധവത്കരണം കഴിഞ്ഞു ഇനി കൈയോടെ പിഴ; എ.ഐ.ക്യാമറ ഇന്ന് രാത്രി മുതല്‍ മിഴി തുറക്കുന്നു

0
174

സംസ്ഥാനത്തെ നിരത്തുകളില്‍ സ്ഥാപിച്ചിട്ടുള്ള 726 എ.ഐ. ക്യാമറകള്‍ തിങ്കളാഴ്ചമുതല്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കിത്തുടങ്ങും. ബോധവത്കരണ നോട്ടീസ് നല്‍കല്‍ അവസാനിപ്പിച്ച്‌ പിഴചുമത്തലിലേക്ക് കടക്കുന്നത്. മോട്ടോര്‍വാഹനവകുപ്പിന്റെ കണ്‍ട്രോള്‍ റൂമുകളും സജ്ജമാണ്.

ക്യാമറയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കെല്‍ട്രോണുമായുള്ള വ്യവസ്ഥകളില്‍ അന്തിമരൂപമാവുന്നതേയുള്ളൂ. കേടാകുന്ന ക്യാമറകള്‍ നിശ്ചിത സമയത്തിനുള്ളില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതും പരിപാലിക്കുന്നതും കെല്‍ട്രോണിന്റെ ചുമതലയാണ്. അപകടങ്ങളിലും മറ്റും കേടാകുന്ന ക്യാമറകള്‍ക്ക് നഷ്ടപരിഹാരം ഈടാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് സഹായം നല്‍കും. റോഡിലെ നിയമലംഘനങ്ങള്‍ കുറച്ച് അതുവഴി അപകടങ്ങള്‍ ഇല്ലാതാക്കാനാണ് നടപടി.

അമിത വേഗം, സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹന യാത്ര, അമിത ഭാരം, ഇന്‍ഷുറന്‍സ്, മലീനീകരണ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, അനധികൃത പാര്‍ക്കിങ് തുടങ്ങിയ കാര്യങ്ങള്‍ക്ക് പിഴ ഈടാക്കും. ഏതൊക്കെ ക്യാമറയുടെ പരിധിയില്‍ എത്തുന്നോ അവയില്‍ നിന്നൊക്കെ പിഴ വരും. ഒരേ കാര്യത്തിന് നിരവധി ക്യാമറകളില്‍ നിന്ന് പിഴവന്നാല്‍ അതില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. ക്യാമറകളില്‍ പുറത്തുനിന്ന് ഇടപെട്ട് കൃത്രിമം വരുത്താനാകില്ലെന്നാണ് അവകാശവാദം.

ഏതുതരം നിയമലംഘനമാണ് കൂടുതല്‍

ക്യാമറ ഇതിനോടകം തന്നെ പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്. ഹെല്‍മെറ്റ് ഉപയോഗിക്കാതെയുള്ള ഇരുചക്രവാഹനയാത്രയാണ് ക്യാമറ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. അതില്‍ പിറകിലിരിക്കുന്നയാള്‍ ഹെല്‍മെറ്റ് വെക്കാത്ത കേസുകളാണേറെ. ഹെല്‍മെറ്റ് വെക്കുന്നവരില്‍ ചിലര്‍ ഇതിന്റെ ക്ലിപ്പ് ഇടാതെ സഞ്ചരിക്കുന്നതായും കണ്ടെത്തുന്നു. ഇവര്‍ക്കും ഹെല്‍മെറ്റില്ലാതെ സഞ്ചരിക്കുന്ന അതേ പിഴയാണ് ലഭിക്കുക. സീറ്റ് ബെല്‍റ്റ് ഇടാത്തവര്‍, ഇരുചക്രവാഹനത്തില്‍ മൂന്നുപേരെ കയറ്റുന്നവര്‍, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ തുടങ്ങിയവരാണ് കൂടുതലായുള്ളത്.

കണ്‍ട്രോള്‍ റൂം ഒരുങ്ങി

നിയമലംഘനം കണ്ടെത്തുന്ന ക്യാമറയില്‍നിന്നുള്ള ദൃശ്യം തിരുവനന്തപുരത്തുള്ള സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമിലാണ് ആദ്യം എത്തുന്നത്. അവിടെനിന്ന് ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് വിവരങ്ങള്‍ കൈമാറും. തുടര്‍ന്ന് ഉടമകളുടെ മേല്‍വിലാസത്തിലേക്ക് നോട്ടീസ് എത്തും. വാഹനം രജിസ്റ്റര്‍ ചെയ്തപ്പോള്‍ നല്‍കിയ ഫോണ്‍ നമ്പറിലേക്ക് പിഴ സംബന്ധിച്ച വിവരം സന്ദേശമായും ലഭിക്കും. നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനകം പിഴയടച്ചില്ലെങ്കില്‍ ഇരട്ടിത്തുക കോടതിയില്‍ അടയ്‌ക്കേണ്ടിവരും. അക്ഷയകേന്ദ്രങ്ങള്‍ വഴി പിഴ അടയ്ക്കാനുള്ള സംവിധാനമുണ്ട്.

Also Read:കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന ഗോവധ നിരോധന നിയമത്തില്‍ പുനപരിശോധന നടത്താന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍

വീഡിയോ സ്‌കാനിങ് സോഫ്റ്റ്‌വെയര്‍ ക്യാമറകളില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്യുന്നത്. ക്യാമറകളില്‍ നിന്ന് ലഭിക്കുന്ന ദൃശ്യങ്ങള്‍ തിരുവനന്തപുരം മണ്‍വിളയിലെ കെല്‍ട്രോണിന്റെ ഡാറ്റാ സെന്റര്‍ ബാങ്കിലാണ് ശേഖരിക്കുക. അവിടെനിന്ന് ദൃശ്യങ്ങള്‍ ലിസ്റ്റ് ചെയ്ത് ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ക്ക് നല്‍കും. ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ നിന്ന് ഇവ നാഷണല്‍ ഡാറ്റാ ബേസിന് കൈമാറി ഇ- ചെലാന്‍ സൃഷ്ടിക്കും.

നിലവില്‍ പിഴത്തുക ഈടാക്കുന്നത് ഇങ്ങനെ

  • ഹെല്‍മെറ്റില്ലാത്ത യാത്ര ചെയ്യുന്നത് – 500 രൂപ
  • പിന്‍സീറ്റില്‍ ഹെല്‍മെറ്റില്ലാത്തത് – 500
  • മൂന്നുപേരുടെ ബൈക്ക് യാത്ര – 1000
  • ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് – 2000
  • നാലുചക്ര വാഹനങ്ങളില്‍ സീറ്റ്‌ബെല്‍റ്റില്ലാതെ യാത്രചെയ്യുന്നത് – 500
  • അമിതവേഗം – 1500
  • അനധികൃത പാര്‍ക്കിംഗ് – 250

LEAVE A REPLY

Please enter your comment!
Please enter your name here