കിടപ്പുമുറിയില്‍ ബന്ധിയാക്കി പീഡനം; പതിനഞ്ചുകാരിയെ രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ച മഠാധിപതി അറസ്റ്റില്‍

0
462

വിശാഖപട്ടണം: ആശ്രമത്തില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ച കേസില്‍ മഠാധിപതി അറസ്റ്റില്‍. വിശാഖപട്ടണം വെങ്കോജിപ്പാലത്തുള്ള സ്വാമി ജ്ഞാനാനന്ദ ആശ്രമം മേധാവി സ്വാമി പൂർണാനന്ദ (64) ആണ് പിടിയിലായത്. ആശ്രമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിന്‍റെ ഡയറക്ടര്‍ കൂടിയാണ് ഇദ്ദേഹം.

15 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ വര്‍ഷങ്ങളായി പൂര്‍ണാനന്ദ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഒരു ദശാബ്ദത്തിനിടെ രണ്ടാം തവണയാണ് ബലാത്സംഗ കുറ്റം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്യുന്നത്. 2011ൽ 13 വയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസിലാണ് സ്വാമി പിടിയിലായത്. ഒരു വർഷത്തിലേറെയായി പെൺകുട്ടിയെ സ്വാമി ബന്ദിയാക്കുകയും നിരന്തരം പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ആശ്രമത്തിലെ ജീവനക്കാരന്‍റെ സഹായത്തോടെ ജൂൺ 13ന് പെൺകുട്ടി രക്ഷപ്പെട്ട് തിരുമല എക്‌സ്പ്രസിൽ കയറുകയും സഹയാത്രികന്‍റെ സഹായത്തോടെ വിജയവാഡയിലെ ദിശ പൊലീസിൽ പരാതി നൽകുകയും ചെയ്തു. കേസ് വിശാഖപട്ടണം പൊലീസിനു കൈമാറുകയും പൂര്‍ണാനന്ദയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് പെണ്‍കുട്ടി പറഞ്ഞുവെന്ന് ദിശ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ സി.എച്ച്.വിവേകാനന്ദ പറഞ്ഞു.രാജമഹേന്ദ്രവാരം സ്വദേശിയായ പെൺകുട്ടിക്ക് ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു. അവളുടെ ബന്ധുക്കൾ കുട്ടിയെ ആശ്രമത്തിലേക്ക് അയക്കുകയായിരുന്നു. എല്ലാ ദിവസവും രാത്രി തന്നെ സ്വാമി തന്റെ കിടപ്പുമുറിയിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യാറുണ്ടെന്ന് കുട്ടി പറഞ്ഞു. കഴിഞ്ഞ വര്‍ഷം തന്നെ കിടപ്പുമുറിയില്‍ ബന്ധിച്ചിരിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി വിശദീകരിച്ചു. തനിക്ക് രണ്ട് സ്പൂൺ ഭക്ഷണം മാത്രമാണ് നല്‍കാറുള്ളതെന്നും ആഴ്ചയിൽ ഒരിക്കൽ മാത്രമേ കുളിക്കാൻ അനുവദിക്കാറുള്ളതെന്നും കുട്ടി കൂട്ടിച്ചേര്‍ത്തു.

പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ ഐപിസി സെക്ഷൻ 376 പ്രകാരവും പോക്‌സോ നിയമപ്രകാരവും കേസെടുത്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. 12 കുട്ടികൾ ആശ്രമത്തിൽ താമസിക്കുന്നുണ്ട്. അവരിൽ നാലുപേർ പെൺകുട്ടികളാണ്. 64കാരനായ പൂര്‍ണാനന്ദ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളയാണ്. ബി.എഡും നിയമബിരുദധാരിയുമാണ് ഇയാള്‍. ഇയാൾക്കെതിരെ ഒന്നിലധികം കേസുകളുണ്ടെന്നും ഭൂമി തർക്കങ്ങളിലും സ്വാമി ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് എൻഡിടിവിയോട് പറഞ്ഞു.9.5 ഏക്കർ ആശ്രമഭൂമിയും തർക്കത്തിലാണ്. ഭൂമി കയ്യേറിയവരാണ് തനിക്കെതിരെ കേസ് കൊടുക്കുന്നതെന്ന് പൂർണാനന്ദ പൊലീസിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here