നിവർന്നിരിക്കാൻ പോലുമാകാത്ത പേടകത്തിൽ ജീവൻ കൈയിൽ പിടിച്ച് അഞ്ചുപേർ; ടൈറ്റാനിക് കപ്പൽ കാണാനുള്ള യാത്ര അവസാനിച്ചത് ഒരു പൊട്ടിത്തെറിയിൽ

0
214

സിഡ്‌നി: ലോകത്തെ മുഴുവൻ ജനങ്ങളുടെയും പ്രതീക്ഷകൾ കെടുത്തിക്കൊണ്ടായിരുന്നു ആ വാർത്തെയെത്തിയത്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനായി പോയ അന്തർവാഹിനിയിലെ അഞ്ചുയാത്രക്കാർ കൊല്ലപ്പെട്ടിരിക്കുന്നു. പേടകത്തിന്റെ സ്ഥാപക കമ്പനി ഓഷ്യൻ ഗേറ്റാണ് ആ ദുഖവാർത്ത പുറത്ത് വിട്ടത്.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 13,000 അടി താഴെ സ്ഥിതി ചെയ്യുന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി ടൈറ്റൻ ഞായറാഴ്ചയാണ് യാത്ര തിരിച്ചത്. ബ്രിട്ടിഷ് കോടീശ്വരൻ ഹാമിഷ് ഹാർഡിങ്, ഫ്രഞ്ച് സ്‌കൂബാ ഡൈവർ പോൾ ഹെന്റി. പാക് വ്യവസായി ഷഹസാദ് ഷാ ദാവൂദ്, മകൻ സുലേമാൻ, പേടകത്തിന്റെ ഉടമസ്ഥരായ സ്റ്റോക് ടൺ റഷ് എന്നിവരായിരുന്നു യാത്രക്കാർ.1912ൽ മഞ്ഞുമലയിൽ ഇടിച്ചു തകർന്ന ഐതിഹാസികമായ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനായിരുന്നു ഇവരുടെ യാത്ര.

ഏഴ് മീറ്റർ മാത്രം വലിപ്പമുള്ള പേടകത്തിൽ നിവർന്നു നിൽക്കാനാവാതെ ജീവൻ കയ്യിൽപിടിചാണ് ഈ അഞ്ചുപേർ കഴിഞ്ഞ കുറച്ച ദിവസങ്ങൾ കഴിച്ചു കൂട്ടിയത്. അഞ്ചുപേർക്ക് 96 മണിക്കൂർ മാത്രമായിരുന്നു പേടകത്തിലെ ഓക്‌സിജൻ പരിധി. അകത്തു നിന്ന് തുറക്കാനാവാത്ത ടൈനാറ്റിയം കൊണ്ടുനിർമിച്ച അടപ്പാണ് പേടകത്തിനുണ്ടായിരുന്നത്. ഓക്‌സിജൻ പരിധി തീരുന്നതിന് മുൻപ് ഇവരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയായിരുന്നു തിരച്ചിലുകൾ നടത്തിയിരുന്നത്. അതിനിടയിൽ കഴിഞ്ഞദിവസം കടലിൽനിന്ന് ഒരു മുഴക്കം കേട്ടിരുന്നു. ഓരോ 30 മിനിറ്റിലും ഈ മുഴക്കം ആവർത്തിക്കുന്നെന്നും വാർത്തകൾ പുറത്തുവന്നു. ഇതോടെ വീണ്ടും പ്രതീക്ഷകൾ നിറഞ്ഞു.

കാനഡ,അമേരിക്ക, ഫ്രാൻസ് രാജ്യങ്ങളുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിച്ചത്. 12,500 അടി താഴ്ചയിൽ പരിശോധിക്കാൻ പറ്റിയ സംവിധാനങ്ങളില്ലാത്തതും പേടകത്തിന്റെ ലൈറ്റുകൾ അണഞ്ഞതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി.കലങ്ങിമറിഞ്ഞ അറ്റലാന്റിക്ക് സമുദ്രത്തിന്റെ അടിത്തട്ടിൽ എവിടെയെന്ന് പോലും കണ്ടെത്താനായില്ല. പേടകത്തിനുള്ളിലേക്ക് ഉണ്ടായ ഒരു പൊട്ടിത്തെറിയിൽ അഞ്ചു പേരും മരണത്തിനു കീഴടങ്ങി.

വ്യാഴാഴ്ച ടൈറ്റന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങൾ ടൈറ്റാനിക്കിന് സമീപത്തു നിന്ന് കണ്ടെത്തിയിരുന്നു. ഇത് ടൈറ്റന്റേത് തന്നെയാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ടൈറ്റന്റെ പിൻഭാഗമാണിത്. ഉള്ളിലെ പ്രഷർ ചേംബർ വേർപെട്ട നിലയിൽ ടൈറ്റാനിക്കിന് സമീപത്ത് നിന്നാണ് ഇത് കണ്ടെത്തിയത്. ടൈറ്റാനിക്കിന് സമീപത്ത് വെച്ച് അന്തർവാഹിനി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് യുഎസ് കോസ്റ്റ് ഗാർഡ് അറിയിക്കുന്നത്. മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്തുക എന്നതാണ് ഇനി രക്ഷാപ്രവർത്തകരുടെ മുന്നിലുള്ള ശ്രമകരമായ ദൗത്യം

LEAVE A REPLY

Please enter your comment!
Please enter your name here