‘ഒരുനിമിഷം കൊണ്ട്… വെള്ളം ചുവന്നു, പപ്പ പപ്പായെന്ന് നിലവിളി’; അച്ഛന്‍റെ മുന്നിൽ വച്ച് മകനെ സ്രാവ് ഭക്ഷിച്ചു

0
552

കെയ്റോ:  ഈജിപ്തിൽ ചെങ്കടലിൽ ആളുകൾ നോക്കി നിൽക്കെ യുവാവിനെ സ്രാവ് ഭക്ഷിക്കുന്ന വീഡിയോ പുറത്ത്. ​ഹുർഗദ ന​ഗരത്തിന് സമീപത്തെ കടലിലായിരുന്നു സംഭവം. റഷ്യൻ പൗരനെയാണ് സ്രാവ് ആക്രമിച്ച് ഭക്ഷിച്ചത്. സ്രാവ് പലതവണ വെള്ളത്തിനടിയിലേക്ക് വലിച്ചെടുക്കാൻ നോക്കുമ്പോള്‍ യുവാവ് പിതാവിനായി നിലവിളിക്കുന്നതാണ് വീഡിയോയിലുള്ളത്. വ്‌ളാഡിമിർ പോപോവ് എന്ന യുവാവിനെയാണ് വ്യാഴാഴ്ച നീന്താൻ പോയപ്പോൾ കടുവ സ്രാവ് ഭക്ഷിച്ചത്.

കരയില്‍ നിന്നിരുന്ന വ്‌ളാഡിമിറിന്‍റെ പിതാവ് ഈ ദാരുണ ദൃശ്യത്തിന് സാക്ഷിയാവുകയായിരുന്നു. രക്തം കലര്‍ന്ന് വെള്ളം ചുവപ്പായി മാറുമ്പോൾ വ്‌ളാഡിമിർ  ‘പപ്പാ’ എന്ന് അലറുന്നതും കേൾക്കാം. എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞുവെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. രക്ഷാപ്രവർത്തകർ വളരെ വേഗത്തിൽ തന്നെ ഇടപെടാൻ ശ്രമിച്ചു. സമീപത്തെ ഹോട്ടലിലെ ലൈഫ് ഗാർഡ് ഉൾപ്പെടെ ചിലരും രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും അതിനും സാധിച്ചില്ല.

അതേസമയം, സ്രാവിനെ പിടികൂടിയതായി ഈജിപ്തിലെ പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ചു. ടൈഗർ സ്രാവിനെ അന്വേഷണത്തിനായി ലബോറട്ടറിയിൽ പരിശോധിക്കുമെന്നും അറിയിച്ചു. ഈജിപ്തിന്റെ കിഴക്കൻ തീരത്തെ പ്രശസ്തമായ വിനോദസഞ്ചാര നഗരമാണ് ഹുർഗദ. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പരിസ്ഥിതി മന്ത്രി യാസ്മിൻ ഫൗദ് സമിതിയെ നിയോഗിച്ചു. ചെങ്കടലിന്റെ ബീച്ചുകളിൽ പോകുന്നവർക്ക് ഏറ്റവും ഉയർന്ന സുരക്ഷ ഏർപ്പെടുത്താനും സ്രാവ് ആക്രമണം ആവർത്തിക്കാതിരിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും അധികൃതർ നിർദേശം നൽകി.

ആക്രമണകാരിയായ ടൈഗർ സ്രാവിനെ കഴിഞ്ഞെന്നും മുമ്പ് അപകടങ്ങൾക്ക് കാരണമായ അതേ മത്സ്യമാണോ എന്നും പരിശോധിക്കും. അപകടത്തെ തുടർന്ന് തീരങ്ങളിൽ നീന്തുന്നതിന്  രണ്ട് ദിവസത്തെ നിരോധനം ഏർപ്പെടുത്തി. 2022-ൽ ഇതേ തീരത്തിന്റെ തെക്ക് ഭാഗത്ത് സ്രാവ് ആക്രമണത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടിരുന്നു. 2020-ൽ സ്രാവ് ആക്രമണത്തിൽ യുക്രേനിയൻ ബാലന് കൈയും ഈജിപ്ഷ്യൻ ടൂർ ഗൈഡിന് കാലും നഷ്ടപ്പെട്ടു. 2018-ൽ ഒരു ചെക്ക് വിനോദസഞ്ചാരിയെ സ്രാവ് കൊലപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here