പത്തുവയസുകാരനെ കടിച്ചുകൊന്ന മുതലയെ നാട്ടുകാര്‍ തല്ലിക്കൊന്നു

0
291

വൈശാലി: ബിഹാറിലെ വൈശാലിയില്‍ പത്തുവയസുകാരനെ കടിച്ചുകൊന്ന മുതലയെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. വൈശാലി ജില്ലയിലെ രാഘോപൂർ ദിയാര ദ്വീപിലെ ഖൽസ ഘട്ടിലാണ് സംഭവം. വലയില്‍ കുടുങ്ങിയ മുതലയെ നാട്ടുകാര്‍ വടികൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു.

ബിദ്ദുപൂർ പൊലീസ് പരിധിയിലുള്ള ഗോകുൽപൂർ നിവാസിയായ ധർമേന്ദ്ര ദാസ് മതപരമായ ചടങ്ങിനായി കുടുംബത്തോടൊപ്പം ഗംഗാ നദിയുടെ തീരത്ത് എത്തിയതായിരുന്നു.ധർമേന്ദ്രയുടെ 10 വയസുകാരനായ മകൻ അങ്കിത് ചടങ്ങിനു വേണ്ടി വെള്ളമെടുക്കാൻ നദിക്കരയിലേക്ക് എത്തിയപ്പോൾ പെട്ടെന്ന് മുതല അവനെ പിടികൂടുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാര്‍ ഓടിയെത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല.

പുഴയോരത്ത് തടിച്ചുകൂടിയ നാട്ടുകാർ മുതലയെ കുടുക്കാനായി വല വിരിച്ചു.മുതല വലയില്‍ കുടുങ്ങിയപ്പോള്‍ നാട്ടുകാര്‍ ചേര്‍ന്ന ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ചിലര്‍ വടി കൊണ്ട് അടിച്ചപ്പോള്‍ മറ്റുള്ളവര്‍ തങ്ങളുടെ ചെരിപ്പെറിഞ്ഞ് ദേഷ്യം തീര്‍ത്തു. ക്രമസമാധാനപാലനത്തിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് പ്രാദേശിക അധികാരികൾ സംഭവത്തെ അപലപിച്ചു. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വയം തീരുമാനമെടുക്കാതെ അധികാരികളെ വിവരമറിയിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. മുതലയെ കൊന്നവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here