12 കിലോ തൂക്കം, വില -1500 രൂപ; 30 മിനിറ്റിനുള്ളില്‍ ‘ബാഹുബലി സമൂസ’കഴിച്ചാല്‍ 71,000 രൂപ സമ്മാനം

0
201

മീററ്റ്: ഭക്ഷണപ്രേമികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. വയറു നിറയെ ഭക്ഷണവും കഴിക്കാം, അതിനോടൊപ്പം പണവും കൂടി ലഭിച്ചാലോ. മീററ്റിലെ ഒരു മധുരപലഹാരക്കടയാണ് വ്യത്യസ്തമായ ഓഫറുമായി എത്തിയിരിക്കുന്നത്. 12 കിലോഗ്രാം ഭാരമുള്ള ‘ബാഹുബലി സമൂസ’ അരമണിക്കൂറിനുള്ളില്‍ കഴിച്ചുതീര്‍ത്താല്‍ 71,000 രൂപ സമ്മാനമായി ലഭിക്കും.

ലാൽകുർത്തിയിലെ പ്രശസ്തമായ കൗശൽ സ്വീറ്റ്‌സിന്‍റെ മൂന്നാം തലമുറയിലുള്ള ഉജ്ജ്വല്‍ കൗശലാണ്(30)ഭക്ഷണപ്രേമികള്‍ക്കു മുന്നില്‍ കൗതുകകരമായ ചലഞ്ച് വച്ചത്. നാലു പാചകക്കാർ ആറു മണിക്കൂര്‍ സമയമെടുത്താണ് ബാഹുബലി സമൂസ ഉണ്ടാക്കിയത്. ഉരുളക്കിഴങ്ങ്, കടല, മസാലകൾ, പനീർ, ഡ്രൈ ഫ്രൂട്ട്‌സ് തുടങ്ങി 7 കിലോ വരുന്ന ചേരുവകളാണ് സമൂസക്കുള്ളില്‍ നിറച്ചിരിക്കുന്നത്. ഇതു പാകം ചെയ്തെടുക്കാന്‍ 90 മിനിറ്റ് സമയമെടുക്കും.

പിറന്നാളുകള്‍ക്കും മറ്റും കേക്ക് മുറിക്കുന്നതിനു പകരം ഈ സമൂസ മുറിക്കാറുണ്ടെന്നും അതുകൊണ്ട് ധാരാളം ഓര്‍ഡറുകള്‍ ലഭിക്കാറുണ്ടെന്നും ഉജ്ജ്വല്‍ പറഞ്ഞു. കഴിഞ്ഞ 60 വര്‍ഷമായി ബേക്കറി ബിസിനസ് രംഗത്തുള്ളവരാണ് ഉജ്ജ്വലിന്‍റെ കുടുംബം. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 4 കിലോ തൂക്കം വരുന്ന സമൂസ ഉണ്ടാക്കിയിരുന്നു. ഇതിനു നല്ല പ്രതികരണം ലഭിച്ചപ്പോള്‍ 8ഉം 12ഉം കി.ഗ്രാം തൂക്കം വരുന്ന സമൂസകള്‍ ഉണ്ടാക്കി. ബാഹുബലി സമൂസക്ക് ഒന്നിന് 1500 രൂപയാണ് വില. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തവര്‍ക്കേ ബാഹുബലി സമൂസ രുചിക്കാന്‍ പറ്റൂ. കുടുംബങ്ങൾ, പ്രത്യേക അവസരങ്ങളിൽ ബാഹുബലി സമൂസ ഓർഡർ ചെയ്യുന്നുണ്ടെന്നും ചിലർ മിച്ചം വരുന്ന ഫില്ലിംഗ് അടുത്ത ദിവസം പറാത്ത ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here