മാതാപിതാക്കളുടെ അഴുകിയ ശരീരങ്ങൾക്ക് സമീപം 6 ദിവസം മാത്രം പ്രായമായ കുഞ്ഞ്

0
200

ഡെറാഡൂൺ∙ വീട്ടിൽനിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന അയൽക്കാരുടെ പരാതി പരിശോധിക്കാനെത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. അമ്മയുടെയും അച്ഛന്റെയും അഴുകിത്തുടങ്ങിയ ജ‍ഡത്തിനൊപ്പം ആറുദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ ജീവനോടെ കണ്ടെത്തിയത് അദ്ഭുതകരമായി. ദമ്പതികൾ മൂന്നു ദിവസം മുൻപാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.

ഉത്തർപ്രദേശിലെ സഹാരൺപുർ സ്വദേശികളായ കാഷിഫ് (25) ഭാര്യ അനം (22) ‌എന്നിവർ ഡെറാഡൂണിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. കാഷിഫ് ക്രെയിൻ ഓപ്പറേറ്റർ ആയിരുന്നു. അനം വീട്ടമ്മയും. ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ജൂൺ എട്ടിനാണ് കുഞ്ഞ് ജനിക്കുന്നത്. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

ഇവരുടെ അഴുകിത്തുടങ്ങിയ ശരീരത്തിനൊപ്പം ആറു ദിവസം പ്രായമുള്ള ആൺകുട്ടി ഭക്ഷണവും വെള്ളവും ലഭിക്കാതെ കഴിയുകയായിരുന്നു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞ് നിർജലീകരണം സംഭവിച്ച അവസ്ഥയിലായിരുന്നുവെന്നും ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കുറച്ചുദിവസം കൂടി കുഞ്ഞിന് ആശുപത്രിയിൽ കഴിയേണ്ടിവരുമെന്നും അവർ കൂട്ടിച്ചേർത്തു.

സഹാരൺപുരിലെ ഒരാളിൽനിന്ന് കാഷിഫ് അഞ്ച് ലക്ഷം രൂപ കടംവാങ്ങിയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരമെന്ന് പൊലീസ് പറഞ്ഞു. ‘‘ഈ ആഴ്ച പണം തിരികെ നൽകേണ്ടതായിരുന്നു. ജൂൺ 10ന് രാത്രിയാണ് ആത്മഹത്യയെന്നാണ് കരുതുന്നത്. അന്നു രാത്രിയാണ് അവരുടെ മൊബൈൽ ഫോണിൽ അവസാന കോൾ എടുക്കുന്നത്’’ – ക്ലെമന്റ് ടൗൺ പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here