നോയിഡ: ദില്ലിയിൽ ഫ്ലാറ്റ് സമുച്ചയത്തിന്‍റെ എട്ടാം നിലയിൽ നിന്നും വീണ്ട് അഞ്ചുവയസുകാരന് ദാരുണാന്ത്യം. നോയിഡയിലെ ഹൈറൈസ് ഗ്രൂപ്പ് ഹൗസിംഗ് സൊസൈറ്റിയിലെ ഫ്ലാറ്റ് സമുച്ചയത്തിൽ ഇന്ന് പുലർച്ചെ 5.45 ഓടെയാണ് സംഭവം. മാതാപിതാക്കള്‍ ഉറങ്ങിക്കിടക്കവെ കുട്ടി ഉണർന്ന് പുറത്തിറങ്ങുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
എട്ടാം നിലയിലെ അപ്പാർട്ട്‌മെന്‍റിന്‍റെ ബാൽക്കണിയിൽ നിന്നുമാണ് അഞ്ച് വയസ്സുള്ള ആൺകുട്ടി താഴേക്ക് വീണത്. സംഭവത്തെക്കുറിച്ച് ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ- പുലർച്ചെ കുട്ടി നേരത്തെ എഴുന്നേറ്റു. ഈ സമയത്ത് മാതാപിതാക്കള്‍ കിടന്നുറങ്ങുകയായിരുന്നു. ചിലപ്പോൾ കുട്ടി മറ്റുള്ളവരെക്കാൾ നേരത്തെ ഉണർന്ന് റൂമിൽ കളിക്കാറുണ്ട്. ഇത്തവണ വാതിൽ തുറന്ന് അപ്പാർട്ട്മെന്‍റിന്‍റെ ബാൽക്കണിയിലേക്ക് ഇറങ്ങി, അവിടെ വെച്ചാണ് ദാരുണമായ അപകടം സംഭവിച്ചത്.
Read Also:യു.എ.ഇ സന്ദര്‍ശക വിസ; അറിയേണ്ടതെല്ലാം
ബാൽക്കണിയിൽ ചെടികളും പച്ചക്കറികളും നട്ടിരുന്നു. ഇവിടെ എത്തിയ കുട്ടി ബാല്‍ക്കണിയിൽ നിന്നും പുറത്തേക്കുള്ള ഗ്രില്ലിൽ പിടിച്ച് നിന്നു. ഇതിനിടെ കാൽ തെന്നി എട്ടാം നിലയിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. പ്രഭാത നടത്തത്തിനായി പുറത്തുണ്ടായിരുന്നവരാണ് ആദ്യം അപകടം കണ്ടത്. ഉടനെ തന്ന കുട്ടിയെ സെക്ടർ 71ലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് പൊലീസും സ്ഥലതെത്തി. കേസിൽ കൂടുതൽ നിയമനടപടികൾ നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.