യുപിയില്‍ 15 ഡോക്ടര്‍മാരുടെ പേരില്‍ 449 ആശുപത്രികള്‍; ലൈസന്‍സ് പുതുക്കലില്‍ പുറത്തായത് വന്‍ തട്ടിപ്പ്

0
192

ഉത്തര്‍പ്രദേശില്‍ ആശുപത്രിയുടെയും ക്ലിനിക്കുകളുടെയും ലൈസന്‍സ് പുതുക്കല്‍ നടപടിയെ തുടര്‍ന്ന് പുറത്തായത് വന്‍ തട്ടിപ്പ്. ആഗ്രയിലും സമീപ ജില്ലകളിലെയുമായി 15 ഡോക്ടര്‍മാരുടെ പേരിലാണ് 449 ആശുപത്രികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഒരു ഡോക്ടറുട പേരില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 83 ആശുപത്രികളാണ്.

സംഭവത്തെ തുടര്‍ന്ന് ഈ ഡോക്ടര്‍മാര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ അരുണ്‍ കുമാര്‍ ശ്രീവാസ്തവ പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ സര്‍വീസിലുള്ള ഡോക്ടര്‍മാരുടെ പേരില്‍ ലൈസന്‍സ് ഉണ്ടാക്കി പലരും വ്യാപകമായി ആശുപത്രികളും ക്ലിനിക്കുകളും ലാബുകളും നടത്തുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ആശുപത്രികളുടെ ലൈസന്‍സ് പുതുക്കല്‍ നടപടി ഓണ്‍ലൈന്‍ വഴി മാറ്റിയതിനെ തുടര്‍ന്നാണ് വന്‍തട്ടിപ്പ് പുറത്തായത്. 2022-2023 കാലയളവില്‍ 1269 മെഡിക്കല്‍ സെന്ററുകളാണ് പുതുതായി തുടങ്ങിയത്. 570 ആശുപത്രികളുടെ ലൈസന്‍സ് അധികൃതര്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കപ്പെട്ട രേഖകള്‍ പരിശോധിച്ചതിന് ശേഷം പുതുക്കി നല്‍കുകയും ചെയ്തു. ലൈസന്‍സ് പുതുക്കുന്നതിനായുള്ള ഓണ്‍ലൈന്‍ അപേക്ഷയില്‍ പരിശീലനം നേടിയ ജീവനക്കാരുടെ വിവരങ്ങള്‍ പല ആശുപത്രികളും നല്‍കിയിട്ടില്ല.

ആശുപത്രികളിലെ മാലിന്യ സംസ്‌കരണ മാര്‍ഗങ്ങള്‍, അഗ്നിരക്ഷാ സംവിധാനങ്ങള്‍ എന്നിവയുടെ വിവരങ്ങളും അപേക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ ആശുപത്രിയിലെ മറ്റ് സൗകര്യങ്ങളെ കുറിച്ച് നല്‍കിയ വിവരങ്ങളില്‍ സംശയമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം സര്‍ക്കാര്‍ കണ്ടെത്തിയ ഈ തട്ടിപ്പ് ഗൗരവമുള്ളതാണെന്നും അന്വേഷണത്തിനും തുടര്‍ നടടപടികള്‍ക്കും എല്ലാ പിന്തുണ നല്‍കുമെന്നും അറിയിച്ച് ഐ എം എ ആഗ്ര ഘടകം രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here