
ഇന്ത്യയിൽ ടീമിനെക്കാൾ പ്രിയം വ്യക്തികളോടാണെന്ന് ഇന്ത്യയുടെ മുൻ താരം ഗൗതം ഗംഭീർ. ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ വ്യക്തികളെക്കാൾ പ്രാധാന്യം ആളുകൾ ടീമിനാണ് നൽകുന്നതെന്നും ഗംഭീർ പറഞ്ഞു. 2007, 2011 ലോകകപ്പ് ഹീറോ യുവ്‌രാജ് സിംഗ് ആയിരുന്നു. എന്നാൽ പിആർ ടീം മറ്റൊരാളെ ഹീറോ ആക്കി എന്നും പേര് സൂചിപ്പിക്കാതെ ഗംഭീർ ആഞ്ഞടിച്ചു. ന്യൂസ് 18നു നൽകിയ അഭിമുഖത്തിലാണ് ഗംഭീറിൻ്റെ പരാമർശം.
“യുവ്‌രാജ് എപ്പോഴും പറയുന്നത്, ഞാൻ (ഗംഭീർ) ലോകകപ്പ് നേടിയെന്നാണ്. എന്നാൽ, 2007, 2011 ലോകകപ്പ് ഫൈനലുകളിലേക്ക് നമ്മളെ എത്തിച്ച താരമായി ഞാൻ കരുതുന്നത് യുവ്‌രാജ് സിംഗിനെയാണ്. ഈ രണ്ട് ടൂർണമെൻ്റുകളിലും അദ്ദേഹമായിരുന്നു മാൻ ഓഫ് ദി ടൂർണമെൻ്റ്. 2007, 2011 ലോകകപ്പുകളെപ്പറ്റി പറയുമ്പോൾ നമ്മൾ യുവ്‌രാജിൻ്റെ പേരെടുക്കുന്നില്ല. എന്തുകൊണ്ട്? ഇത് മാർക്കറ്റിംഗ്, പിആർ വർക്ക് മാത്രമാണ്. ഒരാളെ വലിയവനാക്കിയും മറ്റുള്ളവരെ നിസാരരാക്കിയും കാണിക്കുന്നു. പലരും ഇത് പറയില്ല, പക്ഷേ ഇതാണ് സത്യം. ഇത് ലോകത്തിന് മുന്നിൽ വരേണ്ടതിനാൽ ഞാനിത് പറയുകയാണ്. നമ്മുടെ രാജ്യം ഒരു ടീം അഭിനിവേശമുള്ള രാജ്യമല്ല, വ്യക്തി അഭിനിവേശമുള്ള രാജ്യമാണ്.”- ഗംഭീർ പറഞ്ഞു.
ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ വ്യക്തികളെക്കാൾ പ്രാധാന്യം ആളുകൾ ടീമിനാണ് നൽകുന്നത് എന്നും ഗംഭീർ പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിൽ ബ്രോഡ്കാസ്റ്റർമാരും മാധ്യമങ്ങളും ഉൾപ്പെടെ എല്ലാവരും പിആർ ഏജൻസിയായി ചുരുങ്ങിയിരിക്കുന്നു. ബ്രോഡ്കാസ്റ്റർമാർ നിങ്ങളെ അംഗീകരിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് പരിഗണന ലഭിക്കില്ല. ഇക്കാരണത്താലാണ് നമ്മൾ ദീർഘകാലമായി കാലം ഐസിസി ടൂർണമെൻ്റുകളിൽ വിജയിക്കാത്തത്. കാരണം നമ്മൾക്ക് വ്യക്തികളോടാണ് താത്പര്യമെന്നും ഗംഭീർ കുറ്റപ്പെടുത്തി.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ 209 റൺസിന് തകർത്ത ഓസ്ട്രേലിയ എല്ലാ ഐസിസി കിരീടങ്ങളും നേടുന്ന ആദ്യ ടീമായിരുന്നു. 444 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 234 റൺസിന് ഓൾ ഔട്ടായി. വിരാട് കോലി (49), അജിങ്ക്യ രഹാനെ (46), രോഹിത് ശർമ (43) എന്നിവരാണ് ഇന്ത്യക്കായി രണ്ടാം ഇന്നിംഗ്സിൽ മികച്ചുനിന്നത്. ഓസ്ട്രേലിയക്കായി നതാൻ ലിയോൺ നാല് വിക്കറ്റ് വീഴ്ത്തി. ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പരാജയപ്പെടുന്നത്.