ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായി പരമാവധി സീറ്റുകളില്‍ സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ലക്ഷ്യമിട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍. 23ന് പട്നയില്‍ ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗം ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി പൊതുമിനിമം പരിപാടിക്ക് രൂപം നല്‍കും. സംഘപരിവാറിന്റെ ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിക്കാനാണ് നീക്കം.
ഏതെല്ലാം സീറ്റുകളില്‍ സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താമെന്നതിനെ കുറിച്ച് പട്‌നയില്‍ തീരുമാനിക്കും. എന്‍.സി.പി ദേശീയാധ്യക്ഷന്‍ ശരദ് പവാറാകും പൊതുമിനിമം പരിപാടി അവതരിപ്പിക്കുകയെന്നും സൂചനയുണ്ട്.
ബി.ജെ.പി സര്‍ക്കാരിന്റെ വീഴ്ചകള്‍, കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം, ഫെഡറല്‍ തത്വങ്ങളുടെ ലംഘനം, വര്‍ഗീയ ധ്രുവീകരണം, ഏകാധിപത്യ പ്രവണതകള്‍, വിലക്കയറ്റം, തൊഴിലില്ലായ്മ, ക്രമസമാധാന പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ചയുണ്ടാകില്ലെന്ന് ജെ.ഡി.യു-ആര്‍.ജെ.ഡി നേതൃത്വം അറിയിച്ചു. ബി.ജെ.പിക്കെതിരായി യോജിച്ചുള്ള പ്രവര്‍ത്തനത്തെക്കുറിച്ചും ഏറ്റെടുക്കേണ്ട വിഷയങ്ങളും ചര്‍ച്ച ചെയ്യും.
ബിഹാറിലെ ഭരണകക്ഷികളായ ജെ.ഡി.യുവും ആര്‍.ജെ.ഡിയും സംയുക്തമായി സംഘടിപ്പിക്കുന്ന യോഗത്തില്‍ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, ഹേമന്ത് സൊറന്‍, എം.കെ. സ്റ്റാലിന്‍, അഖിലേഷ് യാദവ്, അരവിന്ദ് കെജ്‌രിവാള്‍, ശരദ് പവാര്‍, ഉദ്ധവ് താക്കറെ, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, സി.പി.ഐ എം.എല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ തുടങ്ങിയവര്‍ യോഗത്തിനെത്തും.
പ്രതിപക്ഷ പാര്‍ട്ടികളില്‍ ബി.ആര്‍.എസ്, ബി.എസ്.പി, ബി.ജെ.ഡി തുടങ്ങിയ പാര്‍ട്ടികള്‍ പട്ന യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും. കോണ്‍ഗ്രസുമായി സഹകരിക്കുന്നതിലുള്ള ബുദ്ധിമുട്ടാണ് ബി.ആര്‍.എസിനെ അകറ്റിനിര്‍ത്തുന്നത്.