ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ സഞ്ചാരികളെവിടെ? കാണാതായ അന്തർവാഹിനിക്കായി തിരച്ചിൽ ഊർജ്ജിതം

0
205

അറ്റ്‍ലാൻറ്റിക് സമുദ്രത്തിൽ മഞ്ഞുമലയിലിടിച്ച് മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ വിനോദസഞ്ചാരികളുമായി പോയ അന്തർവാഹിനി കാണാതായി. യാത്രക്കാരെ കണ്ടെത്താൻ വേണ്ടിയുള്ള രക്ഷാപ്രവർത്തനം സജീവമായി തുടരുകയാണ്. കാനഡയിൽ നിന്നും യാത്ര തിരിച്ച കപ്പലാണ് കാണാതായത്. അഞ്ചുപേരെ ഉൾക്കൊള്ളുന്നതാണ് അന്തർവാഹിനി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അന്തർവാഹിനി കാണാതായ വിവരം ആദ്യം റിപ്പോർട്ട് ചെയ്യുന്നത് ബിബിസിയാണ്. എപ്പോഴാണ് അന്തർവാഹിനി കാണാതായത് എന്നോ, കൃത്യമായി എത്ര യാത്രക്കാരാണ് ഇതിൽ ഉള്ളത് എന്ന കാര്യത്തിലോ ഇനിയും വ്യക്തതയില്ല എന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യാത്രയുടെ സംഘാടകർ യുഎസ് കമ്പനിയായ ഓഷൻ​ഗേറ്റ് എക്സ്പഡീഷൻസാണ്. വളരെ സാഹസികമായ, സമുദ്രാന്തർഭാ​ഗമടക്കം സന്ദർശിച്ചു കൊണ്ടുള്ള അനേകം യാത്രകളും പരിപാടികളും സാധാരണയായി ഓഷൻ​ഗേറ്റ് സംഘടിപ്പിക്കാറുണ്ട്.

അതേസമയം, ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള ഈ യാത്രയ്ക്ക് ഓരോ യാത്രക്കാരിൽ നിന്നും രണ്ടുകോടി രൂപയാണ് കമ്പനി ഈടാക്കിയത് എന്നും റിപ്പോർട്ടുകൾ പറയുന്നു. എട്ട് ദിവസത്തെ പര്യടനം ഉൾക്കൊള്ളുന്നതാണ് ഈ യാത്ര. കാണാതായവരെ എത്രയും പെട്ടെന്ന് കണ്ടെത്താനും അവരുടെ കുടുംബങ്ങൾക്ക് ഒരു നല്ല വാർത്ത സമ്മാനിക്കാനുമാണ് തങ്ങൾ ശ്രമിക്കുന്നത് എന്നാണ് അന്തർവാഹിനി കാണാതായതിനെ തുടർന്ന് ഓഷൻ​ഗേറ്റ് കമ്പനി പ്രതികരിച്ചത്.

അടുത്തിടെ കമ്പനി തങ്ങളുടെ എട്ട് ദിവസത്തെ പര്യടനവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരുന്നു. അതിൽ അന്തർവാഹിനിയിൽ ജീവനക്കാരടക്കം അഞ്ചുപേരെ ഉൾക്കൊള്ളും എന്നും വ്യക്തമാക്കിയിരുന്നു. ഏതായാലും കാണാതായവരെ കണ്ടെത്താനുള്ള ശ്രമം സജീവമായി തുടരുകയാണ്. യുഎസ് കോസ്റ്റ്​‍​ഗാർഡിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നത്.

ലോകത്തെ നടുക്കിയ ടൈറ്റാനിക് കപ്പൽ ദുരന്തം നടക്കുന്നത് 1912 -ലാണ്. ബ്രിട്ടനിലെ സതാംപ്റ്റണില്‍നിന്ന് യു.എസിലെ ന്യൂയോര്‍ക്കിലേക്കായിരുന്നു കപ്പലിന്റെ കന്നിയാത്ര. 2200 പേരാണ് കപ്പലിലുണ്ടായിരുന്നത്. സുരക്ഷിതമായ യാത്ര വാ​ഗ്ദാനം ചെയ്ത കപ്പൽ മഞ്ഞുമലയിലിടിച്ച് മുങ്ങുകയും 1500 ലധികം പേർ മരിക്കുകയുമായിരുന്നു. പിന്നീട്, 1958 -ൽ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തി. തുടർന്ന്, നിരവധി പര്യവേക്ഷണങ്ങളും ഇതിനെ ചുറ്റിപ്പറ്റി നടക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here