‘പൊന്നുമോളെ ഞാനെടുക്കാം’; കണ്ണീരൊതുക്കി പത്തുമാസക്കാരി കുഞ്ഞു നൈറയെ പള്ളിയിലേക്ക് കൈകളിലേന്തിയത് എസ്‌ഐ അബ്ദുൾ ഹക്കീം; നോവായി ഈ ചിത്രം

0
308

മലപ്പുറം: താനൂരിലെ കടലിന്റെ ആഴങ്ങളിൽ മുങ്ങി 22 ജീവനുകൾ നഷ്ടപ്പെട്ടെന്നറിഞ്ഞ് തരിച്ചിരുന്ന മനസാക്ഷിക്ക് മുന്നിലേക്ക് ഒരു കണ്ണീർ ചിത്രം കൂടി എത്തുകയാണ്. ഒരു കുടുംബത്തിലെ 11 പേരെ നഷ്ടപ്പെട്ട കുന്നുമ്മൽ കുടുംബത്തിലെ ഏറ്റവും ചെറിയ അംഗം ഫാത്തിമ നൈറയുടെ ഭൗതിക ദേഹത്തിന്റെ ചിത്രമാണത്. മരിച്ചവരിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ പത്ത് മാസം മാത്രം പ്രായമുള്ള നൈറയായിരുന്നു.

പതിനൊന്നുപേരുടെ മടക്കയാത്രയ്ക്ക് എത്തിയത് നാട്ടുകാരും ബന്ധുക്കളും ഉൾപ്പടെ നൂറുകണക്കിന് പേരായിരുന്നു. പിഞ്ചു കുഞ്ഞുൾപ്പടെയുള്ള കുഞ്ഞുങ്ങളെയും അവരുടെ ഉമ്മമാരെയും വെള്ളതുണിയിൽ പൊതിഞ്ഞ് കബറിലേക്ക് എടുക്കുമ്പോൾ കൂടിനിന്ന എല്ലാവരുടേയും ഉള്ളുലയുന്ന ദൃശ്യമായി അത്.

മരിച്ച പതിനൊന്നുപേരിൽ ഏറ്റവും ഇളയകുട്ടിയായായ പത്തുമാസം മാത്രം പ്രായമുള്ള നൈറ ഫാത്തിമയുടെ മൃതദേഹമെടുത്ത് കബറിസ്ഥാനിലേക്ക് നീങ്ങിയത് രക്ഷാപ്രവർത്തനത്തിന് എത്തിയ സബ് ഇൻസ്‌പെക്ടർ അബ്ദുൾ ഹക്കീമായിരുന്നു. ഈ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയുടെയടക്കം കണ്ണീരാകുന്നത്.

കടലിനോടുചേർന്ന് പുത്തൻകടപ്പുറത്തെ ജുമാമസ്ജിദ് കബറിസ്ഥാനിലാണ് ഒരു കബരിൽ പതിനൊന്ന് പേർക്ക് അന്ത്യനിദ്രയൊരുക്കിയത്. ഇവിടേക്ക് നൈറ ഫാത്തിമയുടെ മൃതദേഹവുമായി നിറഞ്ഞകണ്ണുകളോടെ നീങ്ങിയ എസ്‌ഐ അബ്ദുൾ ഹക്കീമിന്റെ ചിത്രം മനസ്സിൽ നൊമ്പരമായി അവശേഷിക്കുകയാണ്.

‘എന്റെ പൊന്നുമോളെ ഞാനെടുക്കാമെന്ന് പറഞ്ഞുകൊണ്ടായിരുന്നു അബ്ദുൾ ഹക്കീം നിറകണ്ണുകളോടെ ഫാത്തിമ നൈറയെ വാരിയെടുത്ത് അന്ത്യയാത്രയിൽ കൂടെ നിന്നത്.

പരപ്പനങ്ങാടി അരയൻകടപ്പുറം സെയ്തലവിയുടെ ഭാര്യ സീനത്ത് (45), മക്കളായ അസ്‌ന (18), ഷംന (16), ഷഫ്‌ന (13), ഫിദ റിൽന (8), സെയ്തലവിയുടെ സഹോദരൻ സിറാജിന്റെ ഭാര്യ റസീന (27), മക്കളായ സഹറ (8), ഫാത്തിമ റിസ്ല (7), നൈറ ഫാത്തിമ (10 മാസം), സെയ്തലവിയുടെ പിതാവിന്റെ വളർത്തുമകനായ ജാബിറിന്റെ ഭാര്യ ജൽസിയ (45), മകൻ ജരീർ (12) എന്നിവരാണ് ബോട്ട് ദുരന്തത്തിൽ കുന്നുമ്മൽ കുടുംബത്തിന് നഷ്ടമായത്.

ജാബിറിന്റെ മക്കളായ ജംന (8), ജസ്റ (10), സൈതലവിയുടെ സഹോദരി നുസ്റത്ത് (38), മകൾ ആയിഷ മെഹറിന് (ഒന്നര) എന്നിവർ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here