‘ആകാശ് മധ്‌വാളിന് ടൂർണമെന്റുകളിൽ വിലക്ക്’; വെളിപ്പെടുത്തലുമായി സഹോദരൻ

0
182

മുംബൈ: മുംബൈ ഇന്ത്യൻസ് പേസർ ആകാശ് മധ്‌വാൾ ഐ.പി.എൽ 2023ന്റെ പുത്തൻ സെൻസേഷനായി മാറിയിരിക്കുകയാണ്. പേസ് വൈവിധ്യം കൊണ്ട് ബാറ്റർമാരെ കുഴക്കുന്ന ആകാശിന് ഇത്തവണത്തെ മുംബൈ കുതിപ്പിൽ നിർണായക പങ്കുണ്ട്. നിർണായക ഘട്ടങ്ങളിൽ ക്യാപ്റ്റൻ രോഹിത് ശർമ ആശ്രയിക്കുന്ന തുറുപ്പ് ചീട്ടായി മാറിയിരിക്കുകയാണ് 29കാരൻ.

ആകാശിന്റെ ഈ നേട്ടത്തിൽ മുംബൈ നായകന് പ്രധാന പങ്കുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സഹോദരൻ ആശിഷ് മധ്‌വാൾ. ‘രോഹിത് താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകും. അവരിൽ വിശ്വാസമർപ്പിച്ച് എല്ലാ പിന്തുണയും നൽകും. ടീമിലെത്തുന്ന ഏതൊരു താരത്തിനും തന്റെ സ്ഥാനത്തെക്കുറിച്ചുള്ള പേടിയുണ്ടാകും. എന്നാൽ, ആ ഭയം രോഹിത് ഇല്ലാതാക്കി. അങ്ങനെയാണ് ആകാശ് ഇപ്പോൾ ഈ പ്രകടനം നടത്തുന്നത്.’-ആശിഷ് ‘ഇന്ത്യ ടുഡേ’യോട് പറഞ്ഞു.

Also Read:ഫൈനലിൽ ധോണിക്ക് വിലക്ക് വരുമോ? ചെന്നൈയ്ക്ക് വൻ തിരിച്ചടിയാകുന്ന തീരുമാനം വരുമോ?

‘എൻജിനീയറിങ് പഠനത്തിനുശേഷം ജോലിക്കു പോയി തുടങ്ങിയപ്പോൾ ഓരോ ദിവസങ്ങളും ആളുകൾ വരും. ജോലിക്ക് പോകരുത്, ഞങ്ങളുടെ ടീമിൽ ചേരണം. അതിന് പണം തരാമെന്നെല്ലാം അവർ പറയും. അങ്ങനെയാണ് ഉത്തരാഖണ്ഡ് ടീമിനു വേണ്ടിയുള്ള ട്രയൽസിനുശേഷം അവൻ ലെഥർ ബൗളിലേക്ക് മാറുന്നത്.’

ടെന്നീസ് ബൗളിലെ മികച്ച പ്രകടനം കാരണം ആരും അവനെ ഇവിടെ കളിക്കാൻ അനുവദിക്കാറില്ലെന്നും സഹോദരൻ വെളിപ്പെടുത്തി. ‘അവന്റെ ബൗളിങ്ങിനെ എല്ലാവർക്കും പേടിയായിരുന്നു. അതുകാരണം നാട്ടിലെ ടൂർണമെന്റുകളിലെല്ലാം അവനു വിലക്കുണ്ടായിരുന്നു. എല്ലാർക്കും ഭയമായിരുന്നു. അങ്ങനെയാണ് അവൻ റൂർക്കിക്കു പുറത്തുപോയി കളിക്കാൻ തുടങ്ങുന്നത്.’-ആശിഷ് പറഞ്ഞു.

2019ൽ ഉത്തരാഖണ്ഡ് ടീമിന്റെ ഹെഡ് കോച്ചായ സമയത്താണ് സെലക്ഷൻ ട്രയൽസിനെത്തിയ ആകാശ് മധ്‌വാളിനെ ആദ്യമായി ശ്രദ്ധിക്കുന്നതെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അന്ന് താരത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞ് ടീമിലെടുത്തെന്നും അദ്ദേഹം പറഞ്ഞു.

Also Read:കർണാടക മന്ത്രിസഭ വികസനം; പേരുകൾ നിർദേശിച്ച് കോൺഗ്രസ് ദേശീയ നേതൃത്വവും

കഴിഞ്ഞ മേയ് മൂന്നിന് പഞ്ചാബിനെതിരെയാണ് ആകാശ് മധ്വാൾ മുംബൈ കുപ്പായത്തിൽ ഐ.പി.എൽ അരങ്ങേറ്റം കുറിക്കുന്നത്. ഇതുവരെ ഏഴു മത്സരങ്ങളിൽ മുംബൈയ്ക്കായി കളിച്ചു. എല്ലാ മത്സരത്തിലും ഡെത്ത് ഓവറിലടക്കം നിർണായക നിമിഷങ്ങളിൽ നായകൻ രോഹിത് ശർമ ആശ്രയിച്ചത് മധ്വാളിനെയായിരുന്നു. ഏഴു മത്സരങ്ങളിൽനിന്ന് 13 വിക്കറ്റും സ്വന്തമാക്കി താരം. ഏറ്റവുമൊടുവിൽ എലിമിനേറ്റർ പോരാട്ടത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ തകർത്തുകളഞ്ഞത് മധ്വാളിന്റെ കിടിലൻ ബൗളിങ്ങായിരുന്നു. 3.3 ഓവറിൽ വെറും അഞ്ച് റൺസ് മാത്രം വിട്ടുനൽകി അഞ്ച് ലഖ്നൗ വിക്കറ്റാണ് താരം കൊയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here