മുടി വെട്ടാതെ കള്ളനെ തേടിയിറങ്ങി, പല കേസുകള്‍ക്കും തുമ്പുണ്ടാക്കി; ദുരന്തത്തിനിരയായി സബറുദ്ദീനും

0
402

താനൂര്‍: കേരള പോലീസിന്റെ അഭിമാനമായിരുന്നു താനൂര്‍ ബോട്ടപകടത്തില്‍ ജീവന്‍ പൊലിഞ്ഞ സബറുദ്ദീന്‍. താനൂര്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറും മലപ്പുറം എസ്.പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗവുമായിരുന്നു അദ്ദേഹം.

മോഷണക്കേസുകളടക്കം ഒട്ടേറെ കേസുകള്‍ക്ക് തുമ്പുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച സബറുദ്ദീന്റെ വിയോഗത്തില്‍നിന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഇനിയും മുക്തരായിട്ടില്ല. ലഹരിക്കടത്ത്, മോഷണക്കേസ് അടക്കമുള്ള കേസന്വേഷണങ്ങളുടെ ഭാഗമായിരുന്നു സബറുദ്ദീന്‍. മോഷണക്കേസിലെ പ്രതിയെ പിടികൂടുംവരെ മുടിവെട്ടില്ലെന്ന് പ്രഖ്യാപിച്ച സബറുദ്ദീന്‍ പ്രതിയെ പിടിച്ചിട്ടാണ് പിന്നീട് ബാര്‍ബര്‍ ഷോപ്പിലെത്തിയത്.

Also Read:ഒരുമിച്ച് ഉല്ലാസയാത്ര പോയവർ ഒരുമിച്ച് അന്തിയുറങ്ങും; ഒരു കുടുംബത്തിലെ 12 പേർക്കായി ഒറ്റ ഖബർ

താനൂര്‍ ബീച്ച് റോഡിലെ മില്‍മ ബൂത്തില്‍നിന്ന് സ്‌കൂട്ടര്‍ കവര്‍ന്ന മോഷ്ടാവിനെ തേടി ദിവസങ്ങളാണ് പോലീസ് ഉദ്യോഗസ്ഥര്‍ അലഞ്ഞത്. താനൂര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ കൂടിയാണ് സ്‌കൂട്ടര്‍ കവര്‍ന്ന് മോഷ്ടാവ് കടന്നതെന്ന സി.സി.ടി.വി. ദൃശ്യം കൂടി വന്നതോടെ പോലീസുകാരുടെ ഉറക്കം പോയി. മാസ്‌ക് ധരിച്ചിരുന്നതിനാല്‍ പ്രതിയുടെ മുഖവും വ്യക്തമായിരുന്നില്ല.

സബറുദ്ദീനും സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ സലേഷുമാണ് എട്ടാം നാള്‍ പതിനഞ്ചുകാരന്‍ പ്രതിയെ പിടികൂടിയത്. പ്രതിയെ പിടികൂടാൻ വൈകുന്നതിനിടെ, മുടി മുറിക്കാൻ ബാർബർ ഷോപ്പിലെത്തിയ സബറുദ്ദീൻ മുടി വെട്ടാതെ ഇറങ്ങുകയായിരുന്നു. മോഷ്ടാവിനെ പിടികൂടാതെ ഇനി മുടി വെട്ടില്ലെന്നും സഹപ്രവർത്തകരോടു പറഞ്ഞു. ദിവസങ്ങൾക്കു ശേഷം പ്രതിയെ പിടികൂടിയതിനു ശേഷമാണ് സബറുദ്ദീൻ വീണ്ടും ബാർബർ ഷോപ്പിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here