കോഴിക്കോട്: കേരള സ്‌റ്റോറി സിനിമയിൽ പറയുന്നതുപോലെ 32,000 പെൺകുട്ടികളെ പ്രണയിച്ച് മതം മാറ്റിയതിന്റെ തെളിവ് നൽകാൻ വെല്ലുവിളിച്ച് യൂത്ത് ലീഗ് തുറന്ന കൗണ്ടറുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു. തെളിവുമായെത്തുന്നവർക്ക് ഒരു കോടി രൂപ നൽകുമെന്നായിരുന്നു യൂത്ത് ലീഗിന്റെ വാഗ്ദാനം. തെളിവുമായി ആരും എത്താത്തതിനെ തുടർന്നാണ് കൗണ്ടറുകൾ അടച്ചത്. 14 ജില്ലകളിലും യൂത്ത് ലീഗ് പ്രത്യേക കൗണ്ടറുകൾ തുറന്നിരുന്നു.
യൂത്ത് ലീഗ് ഉന്നയിച്ച ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകാൻ സോഷ്യൽ മീഡിയയിൽ പോലും ഒരാൾക്കും കഴിഞ്ഞില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. 32,000 പേർ പോയി എന്ന് ആരാണ് പറഞ്ഞതെന്ന് ചോദിച്ച ഹിന്ദു ഐക്യവേദി നേതാവിന് മറുപടിയായി കേരള സ്റ്റോറിയുടെ സംവിധായകൻ സുദിപ്‌തോ സെന്നിന്റെ പഴയ ട്വീറ്റ് ഫിറോസ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. ഇത്തരം പ്രചാരണങ്ങൾ വിശ്വസിക്കാനും ആളുകളുണ്ടെന്ന് വ്യക്തമായ പശ്ചാത്തലത്തിലാണ് യൂത്ത് ലീഗ് ഒരു വെല്ലുവിളിയായി കൗണ്ടറുകൾ തുറന്നതെന്നും അദ്ദേഹം പറഞ്ഞു