വില കൂടുതലാണെങ്കിലും സ്ത്രീകൾക്ക് താത്പര്യം മണമില്ലാത്ത സിഗരറ്റിനോട്, ആവശ്യക്കാർ നിരവധി; എല്ലാത്തിനും പിന്നിൽ മലപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവർ

0
195

കൊച്ചി: വിമാന,​ കപ്പൽ മാർഗം കേരളത്തിലേക്ക് വിദേശ നിർമ്മിത സിഗററ്റുകളുടെ കടത്ത് വർദ്ധിക്കുന്നു. കഴിഞ്ഞ വർഷം വിമാനമാർഗമുള്ള കടത്തുമായി ബന്ധപ്പെട്ട് 123 കേസുകളാണ് കസ്റ്റംസ് പ്രിവിന്റീവ് വിഭാഗം രജിസ്റ്റർ ചെയ്തത്. 3.29 കോടി രൂപയുടെ വിദേശ സിഗരറ്റുകൾ പിടിച്ചെടുത്തു.

പ്രത്യേക രുചിക്കൂട്ടുകളും നിറക്കൂട്ടുകളുമുള്ള വിദേശ നിർമ്മിത സിഗരറ്റുകൾക്ക് ആവശ്യക്കാർ ഏറെയെന്നാണ്. പ്രധാന ഉപയോക്താക്കൾ സ്ത്രീകളും സ്‌കൂൾ വിദ്യാർത്ഥികളുമെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. ഇടനിലക്കാർ വഴിയാണ് കച്ചവടം. വില കൂടുതലാണെങ്കിലും സാധാരണ സിഗററ്റിനെ അപേക്ഷിച്ച് മണം കുറവാണെന്നതാണ് പ്രധാന ആകർഷം.

മൂന്ന് ഇരട്ടി വിലയ്ക്കാണ് വിദേശ സിഗരറ്റുകൾ വിറ്റഴിക്കുന്നത്. ഒരു പെട്ടി നിരോധിത സിഗരറ്റിന് 250 രൂപയ്ക്ക് മുകളിലാണ് വില. വലിയ മുതൽ മുടക്ക് ആവശ്യമില്ലെന്നതാണ് കടത്ത് വർദ്ധിക്കാൻ കാരണം. 100, 200 കാർട്ടണുകളിലുള്ള വലിയ കെട്ടുകളായാണ് കള്ളക്കടത്ത്. ഒരു കെട്ട് കടത്തിയാൽ ഒരു ലക്ഷം രൂപ ലാഭം കിട്ടും. നിയമവിധേയമായ അറിയിപ്പുകളില്ലാത്ത ഇത്തരം സിഗരറ്റുകൾ ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്.

 തന്ത്രങ്ങൾ പലത്

സിഗറ്റ് കടത്താൻ തന്ത്രങ്ങൾ പലതാണ്. ഉരുളക്കിഴങ്ങ് ലോറിയിൽ ഒളിപ്പിച്ചുവരെ സിഗറ്ററ്റ് കടത്തുന്നു. 2021ൽ ചരക്ക് ലോറിയിൽ അപകടത്തിൽപ്പെട്ട് മറിഞ്ഞതോടെയാണ് സിഗറ്റ് കടത്ത് പുറത്തായത്. 2016ൽ ദുബായിൽ നിന്ന് കപ്പൽ മാർഗം വല്ലാർപാടത്തെത്തിച്ച എട്ടു കോടിയോളം വിദേശ സിഗരറ്റുകൾ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് പിടിച്ചെടുത്തിരുന്നു. ഇരുപത്തിയേഴായിരം കാർഡ്‌ബോർഡ് പെട്ടികളിലായി കണ്ടെയ്‌നറിൽ കൊണ്ടുവന്ന സിഗരറ്റാണ് അന്ന് പിടിച്ചെടുത്തത്. അതേവർഷം ഡിസംബറിൽ രണ്ട് സംഭവങ്ങളിലായി 1.59 കോടിയുടെ സിഗരറ്റ് കള്ളക്കടത്തും കൊച്ചിയിൽ പിടികൂടിയിരുന്നു. സോഫയ്ക്കുള്ളിൽ കടത്തിയ 91 ലക്ഷം രൂപയുടെ സിഗരറ്റും ഫർണിച്ചറിന്റെ മറവിൽ കടത്തിയ 68 ലക്ഷം രൂപയുടെ സിഗരറ്റുമാണ് പിടികൂടിയത്.

 മലപ്പുറം ഇടപാട്
തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂർ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന സിഗരറ്റ് കടത്തിന് പിന്നിൽ മലപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണെന്നാണ് കസ്റ്റംസിന് ലഭിച്ചിട്ടുള്ള വിവരം. വിമാനത്താവളങ്ങൾക്ക് പുറത്തുകടത്തുന്ന ഇവ, മലപ്പുറത്തെത്തിച്ച് അവിടെ നിന്നാണ് വിവിധ ഇടനിലക്കാരിലേക്ക് കൈമാറുന്നത്.
കാസർകോട്, മംഗലാപുരം, ഗോവ, മുംബയ് കേന്ദ്രീകരിച്ചാണ് വിദേശ സിഗരറ്റുകൾ കൂടുതലായും വിറ്റഴിക്കപ്പെടുന്നത്.

കഴിഞ്ഞ വർഷം 680 കിലോ സ്വർണം കസ്റ്റംസ് പിടികൂടി. സിഗററ്റ് കടത്തിൽ 123 കേസുകൾ രജിസ്റ്റർ ചെയ്തു. വ്യാജ ഉത്പന്നങ്ങളുടെ ഇറക്കുമതിയും കള്ളക്കടത്തും തടയാൻ കസ്റ്റംസ് ജാഗരൂഗരാണ്.

രാജേന്ദ്രകുമാർ

കമ്മിഷണർ

കസ്റ്റംസ് പ്രിവന്റീവ്

കൊച്ചി

123 കേസുകൾ

3.29 കോടിയുടെ സിഗററ്റ് പിടിച്ചെടുത്തു.

250 ന് മുകളിൽ വില

LEAVE A REPLY

Please enter your comment!
Please enter your name here