ആയിരങ്ങളുടെ ക്യൂ, ഉന്തും തള്ളും വീഴ്‌ചയും; കൈവിട്ട് ഐപിഎല്‍ ഫൈനല്‍ ടിക്കറ്റ് വില്‍പന’- വീഡിയോ

0
186

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിലെ രണ്ടാം ക്വാളിഫയര്‍, ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റിനായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തിക്കും തിരക്കും. ഓണ്‍ലൈനായി ടിക്കറ്റ് ലഭ്യമായിട്ടും കൗണ്ടറിലെത്തി ടിക്കറ്റ് എടുക്കാന്‍ ആരാധകര്‍ മത്സരിച്ചതാണ് നാടകീയ സംഭവങ്ങളിലേക്ക് നയിച്ച ഒരു കാരണം. അപ്രതീക്ഷിതമായി ടിക്കറ്റിനായി ആയിരക്കണക്കിന് ആരാധകര്‍ ഇരച്ചെത്തിയതോടെ സാഹചര്യം നിയന്ത്രിക്കാന്‍ അധികൃതര്‍ പാടുപെട്ടു. ഇതോടെ ആരാധകര്‍ തമ്മില്‍ ഉന്തും തള്ളിനും നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷിയായതായി ഇന്‍സൈഡ് സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്‌തു. അതേസമയം ഒരു ടിക്കറ്റ് കൗണ്ടര്‍ മാത്രം സജ്ജീകരിച്ചതാണ് പ്രശ്‌നങ്ങളുണ്ടാക്കിയത് എന്നാണ് ആരാധകരുടെ വാദം.

ഐപിഎല്‍ 2023 ഫൈനലിന്‍റെ ടിക്കറ്റ് പേടിഎം ഇന്‍സൈഡര്‍ വഴി ലഭ്യമായിട്ടും നേരിട്ട് ടിക്കറ്റ് എടുക്കാന്‍ ഇരച്ചെത്തുകയായിരുന്നു ആരാധകര്‍. ഇതോടെ സ്റ്റേഡിയത്തിന് പുറത്ത് ആരാധകരുടെ നീണ്ട ക്യൂവായി. ക്യൂ ഭേദിക്കാന്‍ പലരും ശ്രമിച്ചതോടെ വാക്കേറ്റവും ഉന്തും തള്ളുമായി എന്നാണ് ഇന്‍സൈഡ് സ്പോര്‍ടിന്‍റെ റിപ്പോര്‍ട്ട്. ഇതോടെ പൊലീസ് എത്തിയാണ് സാഹചര്യം നിയന്ത്രണവിധേയമാക്കിയത്. എന്നാല്‍ തിക്കും തിരക്കുമല്ല, സ്റ്റേഡിയം അധികൃതരുടെ ഭാഗത്ത് നിന്ന് വന്ന വീഴ്‌ചയാണ് അനിഷ്‌ട സംഭവങ്ങളിലേക്ക് നയിച്ചത് എന്നാണ് ആരാധകരുടെ പ്രതികരണം. ‘സാധാരണയായി 5-6 ടിക്കറ്റ് കൗണ്ടറുകളുള്ള സ്റ്റേഡിയത്തില്‍ ഒന്ന് മാത്രമേ തുറന്നിരുന്നുള്ളൂ. 40 ഡിഗ്രി ചൂടിലാണ് ആരാധകര്‍ ക്യൂ നിന്നത്. ടിക്കറ്റ് വില്‍പന തുടങ്ങുമ്പോഴേക്കും ആയിരണക്കണക്കിന് ആളുകളുടെ ക്യൂവായി. ഇതോടെ കുറച്ച് ഉന്തും തള്ളുമായി, രണ്ട് മൂന്ന് പേര്‍ നിലത്ത് വീണു. എന്നാല്‍ ആര്‍ക്കും പരിക്കില്ല. സജ്ജീകരണങ്ങള്‍ വളരെ മോശമായിരുന്നു’ എന്നുമാണ് ഇന്‍സൈഡ് സ്പോര്‍ടിനോട് രാജീവ് ചൗഹാന്‍ എന്ന ആരാധകന്‍റെ പ്രതികരണം. നരേന്ദ്ര മോദി സ്റ്റേഡിയത്തിന് പുറത്ത് ടിക്കറ്റിനായി എത്തിയ ആരാധകരുടെ നീണ്ട ക്യൂവിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്

ആരാധകരുടെ ക്യൂ ശാന്തമാക്കാന്‍ പൊലീസിന് ലാത്തി വീശേണ്ടിവന്നു എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. എന്നാല്‍ ഇക്കാര്യം ഒരു ആരാധകന്‍ നിഷേധിച്ചു. ‘ടിക്കറ്റ് വില്‍പനയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തെ കുറിച്ച് കൃത്യമായി അറിയില്ല, ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനും ടിക്കറ്റ് പാര്‍ട്‌ണര്‍മാരുമായി സംസാരിച്ച് വരികയാണ്’ എന്നുമാണ് സംഭവത്തോട് ബിസിസിഐ ഉന്നതന്‍റെ പ്രതികരണം. ഇതാദ്യമായല്ല ഇന്ത്യയിലെ ക്രിക്കറ്റ് സ്റ്റേഡിയം ആരാധകരുടെ തിക്കും തിരക്കിനും ഇടമാവുന്നത്. ഐപിഎല്‍ പതിനാറാം സീസണില്‍ മെയ് 26-ാം തിയതി ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള രണ്ടാം ക്വാളിഫയറിനും 28ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉള്‍പ്പെടുന്ന ഫൈനലിനും വേദിയാവുന്നത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here