പാലക്കാട് അറസ്റ്റിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാറില്‍ നിന്ന് കൈക്കൂലിയായി വാങ്ങിയ തേനും കുടംപുളിയും വരെ കണ്ടെത്തിയെന്ന് വിജിലന്‍സ്. പണത്തിനൊപ്പം പൊട്ടിക്കാത്ത 10 കെട്ട് മുണ്ടും ഷര്‍ട്ടും പേനകളും വരെ വിജിലന്‍സ് കണ്ടെത്തി.
കണക്കില്‍ പെടാത്ത ഒരു കോടി രൂപയാണ് മണ്ണാര്‍ക്കാട്ടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിന്റെ രേഖകളും 35 ലക്ഷം രൂപയും കൂടാതെ 17 കിലോ നാണയത്തുട്ടുകളും പിടിച്ചെടുത്തു.
വീടുവെക്കാന്‍ സ്വരുക്കൂട്ടിയ പണമാണ് ഇതെന്നാണ് സുരേഷ് കുമാര്‍ വിശദീകരണം നല്‍കിയത്. എന്നാല്‍ സുരേഷ് കുമാര്‍ സ്ഥിരം കൈക്കൂലിക്കാരനാണ് എന്നാണ് വിജിലന്‍സിന് ലഭിച്ച വിവരം. ഇന്നലെയാണ് സുരേഷ് കുമാര്‍ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്.
കാറില്‍ വച്ച് മഞ്ചേരി സ്വദേശിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു. സുരേഷ് കുാമറിന്റെ ഒറ്റമുറി വീട്ടില്‍ പ്ലാസ്റ്റിക് കവറുകളിലും കാര്‍ഡ് ബോര്‍ഡ് പെട്ടികളിലുമാണ് നോട്ടുകെട്ടുകള്‍ സൂക്ഷിച്ചിരുന്നത്. നോട്ടെണ്ണുന്ന മെഷീനും ഇതിനൊപ്പം ഉണ്ടായിരുന്നു.