‘മരിച്ചവരുടെ ഖബറിടത്തിന്റെ നനവുപോലും ഉണങ്ങിയിട്ടില്ല, ജാഗ്രത കുറവ് ചര്‍ച്ച ചെയ്യേണ്ട സമയമല്ല’: സ്പീക്കര്‍

0
214

മലപ്പുറം: താനൂര്‍ ബോട്ടപകട ദുരന്തത്തില്‍ മരിച്ചവരുടെ വീട്ടിലെത്തി സ്പീക്കര്‍ എ എന്‍ ഷംസീര്‍. അപകടത്തിന് കാരണക്കാരായവര്‍ക്കെതിരെ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ പ്രതികരിച്ചു. അതേസമയം അപകടത്തിലെ ജാഗ്രതക്കുറവില്‍ സ്പീക്കര്‍ പ്രതികരിച്ചില്ല. അത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഉചിതനായ സമയം ഇതല്ലെന്ന് സ്പീക്കര്‍ പറഞ്ഞു.

‘നാടിനെ നടുക്കിയ ദുരന്തമാണ്. മരിച്ചവരുടെ വീടും അപകടം നടന്ന സ്ഥലവും സന്ദര്‍ശിക്കാനാണ് വന്നത്. അനുശോചനം അറിയിച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ സംഘം ഇവിടെയെത്തി കാര്യങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. അനാസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ലിത്. മരിച്ചവരുടെ ഖബറിടത്തിന്റെ നനവുപോലും ഉണങ്ങിയിട്ടില്ല. അതിന് മുന്നേ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഞാന്‍ തയ്യാറല്ല. സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കും.’ ഷംസീര്‍ പറഞ്ഞു.

സംഭവത്തില്‍ ബോട്ട് ഉടമ നാസര്‍ അറസ്റ്റിലായിട്ടുണ്ട്. കോഴിക്കോട് നിന്നുമാണ് നാസറിനെ പൊലീസ് പിടിയിലായത്. അപകടത്തിന് പിന്നാലെ നാസര്‍ ഒളിവില്‍ പോയിരുന്നു. നാസറിനെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണും വാഹനവും പൊലീസ് കൊച്ചിയില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. നാസറിന്റെ സഹോദരന്‍ സലാം, അയല്‍വാസിയായ മുഹമ്മദ് ഷാഫി എന്നിവരെയും പൊലീസ് പിടികൂടിയിരുന്നു. വാഹനപരിശോധനക്കിടെ പാലാരിവട്ടം പൊലീസാണ് ഇവരെ പിടികൂടിയത്. ബോട്ട് ഡ്രൈവറും സഹായിയും ഇപ്പോഴും ഒളിവിലാണ്.

ബോട്ടപകടം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. താനൂര്‍ ഡിവൈഎസ്പി വി വി ബെന്നിക്കാണ് അന്വേഷണ ചുമതല. 14 പേരടങ്ങുന്ന അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക. താനൂര്‍ എസ്എച്ച്ഒ ജീവന്‍ ജോര്‍ജ്, തിരൂര്‍ സബ് ഇന്‍സ്പെക്ടര്‍ പ്രമോദ്, മലപ്പുറം എഎസ്‌ഐ ജയപ്രകാശ് എന്നിവരുള്‍പ്പെടെയുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസിന്റെ അന്വേഷണം ഏറ്റെടുക്കുക. മലപ്പുറം എസ്പി യാണ് കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here